കോടതികളില്‍ ഇനി ഹിന്ദി മൂന്നാം ഔദ്യാഗിക ഭാഷ; ചരിത്രമെഴുതി യുഎഇ

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് കൂടുതല്‍ നിയമഭദ്രത ഇത് ഉറപ്പു നല്‍കും

ദുബായ്: കോടതികളില്‍ ഹിന്ദി മൂന്നാം ഔദ്യോഗിക ഭാഷയായി ഉള്‍പ്പെടുത്തി. ഇതോടെ യുഎഇ ചരിത്രമെഴുതിയിരിക്കുകയാണ്. രാജ്യത്തെ കോടതികളില്‍ അറബി, ഇംഗ്ലീഷ് ഭാഷകള്‍ക്കൊപ്പം ഇനി ഹിന്ദിയും ഉപയോഗിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. തൊഴില്‍ വ്യവഹാരങ്ങളില്‍ നിയമപരമായ സുതാര്യത ഉറപ്പുവരുത്തുന്നതിനാണ് ഹിന്ദി ഉള്‍പ്പെടുത്താനുള്ള നിര്‍ണ്ണായക തീരുമാനമെടുത്തതെന്ന് അബുദാബി ജുഡീഷ്യല്‍ ഡിപാര്‍ട്ട്മെന്റ് അറിയിച്ചു.

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് കൂടുതല്‍ നിയമഭദ്രത ഇത് ഉറപ്പു നല്‍കും. ഹിന്ദി ഭാഷ മാത്രം വശമുള്ളവര്‍ക്ക് രാജ്യത്ത് നിലവിലെ നിയമനടപടികളെ കുറിച്ചും, അവകാശങ്ങള്‍ ചുമതലകള്‍ എന്നിവയെ കുറിച്ചും അവബോധം സൃഷ്ടിക്കാന്‍ ഇത് സഹായമാവും എന്നാണ് കരുതുന്നത്. കൂടാതെ രജിസ്ട്രേഷന്‍ നടപടികളെ കുറിച്ചുള്ള വിവരങ്ങള്‍ അബുദാബി ജുഡീഷ്യല്‍ ഡിപാര്‍ട്ട്മെന്റ് (അഉഖഉ) വെബ്സൈറ്റില്‍ ഹിന്ദിയിലും ലഭ്യമാകും.

യുഎഇയുടെ ജനസംഖ്യയുടെ 30 ശതമാനം ഇന്ത്യക്കാരാണ്. ഏകദേശം 2.6 മില്യണ്‍ പ്രവാസി ഇന്ത്യക്കാര്‍ ഇവിടെയുണ്ടെന്നാണ് കണക്ക്. നിയമകാര്യങ്ങളിലെ സുതാര്യത ലക്ഷ്യമാക്കിയാണ് ബഹുഭാഷസൗകര്യം നടപ്പിലാക്കിയതെന്ന് എഡിജെഡി അണ്ടര്‍ സെക്രട്ടറി യൂസഫ് സയീദ് അല്‍ അബ്രി വ്യക്തമാക്കി.

Exit mobile version