ചരിത്രനീക്കം, ആദ്യ മദ്യഷോപ്പ് തുറക്കാന്‍ ഒരുങ്ങി സൗദി അറേബ്യ

ഇസ്ലാം മത വിശ്വാസികളല്ലാത്ത നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് മാത്രമായിരിക്കും മദ്യം വില്‍ക്കുക.

സൗദി അറേബ്യ: റിയാദില്‍ ആദ്യ മദ്യഷോപ്പ് തുറക്കാന്‍ തീരുമാനം. 70 വര്‍ഷത്തിന് ശേഷമാണ് സൗദി ആദ്യ മദ്യഷോപ്പ് തുറക്കാന്‍ പോകുന്നത്. റോയിട്ടേഴ്‌സിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇസ്ലാം മത വിശ്വാസികളല്ലാത്ത നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് മാത്രമായിരിക്കും മദ്യം വില്‍ക്കുക. ഇത് സംബന്ധിച്ച പുതിയ പദ്ധതി രൂപപ്പെടുത്തിയതായാണ് വിവരം.

അതേസമയം, കര്‍ശനമായ നിയന്ത്രണത്തോട് കൂടിയായിരിക്കും മദ്യം വില്‍ക്കുക. ഉപഭോക്താക്കള്‍ ഒരു മൊബൈല്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യുകയും വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ക്ലിയറന്‍സ് കോഡ് നേടുകയും വേണം. 21 വയസ്സിന് താഴെ പ്രായമുളളവര്‍ക്ക് മദ്യം വില്‍ക്കില്ല. നല്ല വസ്ത്രം ധരിച്ച് ആയിരിക്കണം മദ്യം വാങ്ങിക്കാന്‍ എത്തേണ്ടത്. മദ്യപിക്കുന്നവര്‍ മദ്യം വാങ്ങാന്‍ പകരക്കാരനെ അയയ്ക്കാന്‍ പാടില്ല. പ്രതിമാസ ക്വാട്ട നടപ്പിലാക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

എംബസികള്‍ സ്ഥിതി ചെയ്യുന്ന, നയതന്ത്രജ്ഞര്‍ താമസിക്കുന്ന റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലാണ് പുതിയ മദ്യ ഷോപ്പ് സ്ഥാപിക്കാന്‍ പോകുന്നത്. ആഴ്ചകള്‍ക്കുളളില്‍ ഷോപ്പ് തുറക്കാന്‍ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതര മതസ്ഥരായ മറ്റ് പ്രവാസികള്‍ക്ക് മദ്യ വില്‍ക്കുമോ എന്നത് വ്യക്തമല്ല.

Exit mobile version