പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി, ഡെലിവറി ജോലികള്‍ ഇനി സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും

ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് നിയന്ത്രണം പുറപ്പെടുവിച്ചത്.

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസികള്‍ക്ക് തിരിച്ചടി. ഇരുചക്ര വാഹനങ്ങളിലെ ഡെലിവറി ജോലികള്‍ ഇനി സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. 14 മാസത്തിനുള്ളില്‍ നിയമം ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് നിയന്ത്രണം പുറപ്പെടുവിച്ചത്.

മോട്ടോര്‍ സൈക്കിളുകള്‍ ഉപയോഗിച്ച് ഡെലിവറി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ യൂണിഫോം ധരിക്കണമെന്നും നിര്‍ദേശമുണ്ട്. വിദേശികള്‍ നിര്‍ബന്ധമായും യൂണിഫോം ധരിക്കണം. എന്നാല്‍ സ്വദേശികള്‍ യൂണിഫോം ധരിക്കേണ്ടതില്ല. മുനിസിപ്പല്‍, റൂറല്‍ അഫയേഴ്‌സ് ആന്‍ഡ് ഹൗസിങ് മന്ത്രാലയവുമായി ഏകോപിപ്പിച്ച് ലൈറ്റ് ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളില്‍ പരസ്യം അനുവദിക്കാനും തീരുമാനമായി.

ജനറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള സംവിധാനം വഴി തങ്ങളുടെ ഡ്രൈവര്‍മാര്‍ക്കായി ഫെയ്സ് വെരിഫിക്കേഷന്‍ ഫീച്ചര്‍ സജീവമാക്കാന്‍ ഡെലിവെറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ നിര്‍ബന്ധിക്കും. ലൈറ്റ് ട്രാന്‍സ്പോര്‍ട്ട് കമ്പനികള്‍ക്ക് ഡെലിവെറി മേഖലയില്‍ പതിനാലു മാസത്തിന് ശേഷം വിദേശികളെ നിയോഗിക്കാനാകില്ല.

Exit mobile version