യുഎഇയില്‍ കരുത്ത് തെളിയിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഗള്‍ഫിലേക്ക്!

വിവിധ രാജ്യങ്ങളില്‍ ശ്രദ്ധേയമായ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുചേരുമ്പോഴും നേതാക്കള്‍ തമ്മിലെ പ്രശ്നങ്ങളും ഗ്രൂപ്പിസവും സംഘടനക്ക് തടസം സൃഷ്ടിക്കുന്നുണ്ടെന്നാണ് ആക്ഷേപം

ദുബായ്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന യുഎഇ പര്യടനം വിജയിപ്പിക്കാന്‍ സംസ്ഥാനത്തെ നേതാക്കള്‍ കൂട്ടത്തോടെ ഗള്‍ഫിലേക്ക് പോകുന്നു. ഈ മാസം 11ന് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ കരുത്ത് തെളിയിക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ ലക്ഷ്യം. എഐസിസി സെക്രട്ടറി ഹിമാന്‍ഷു വ്യാസ് പത്തു ദിവസത്തോളമായി ദുബൈയില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തകരെ ഏകോപിപ്പിക്കുന്നുണ്ട്. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നേതാക്കളെത്തിയത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രചാരണസമിതി ചെയര്‍മാന്‍ കെ മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം കെ രാഘവന്‍ എംപി തുടങ്ങിയവര്‍ ഇതിനകം എത്തിക്കഴിഞ്ഞു.
പ്രവാസി സംഘടനകളിലെ പ്രശ്നങ്ങള്‍ പഠിച്ചു പരിഹരിക്കുക എന്ന ലക്ഷ്യവും നേതാക്കളുടെ സന്ദര്‍ശനത്തിന് പിന്നിലുണ്ട്. വിവിധ രാജ്യങ്ങളില്‍ ശ്രദ്ധേയമായ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുചേരുമ്പോഴും നേതാക്കള്‍ തമ്മിലെ പ്രശ്നങ്ങളും ഗ്രൂപ്പിസവും സംഘടനക്ക് തടസം സൃഷ്ടിക്കുന്നുണ്ടെന്നാണ് ആക്ഷേപം. രാഹുലിന്റെ സന്ദര്‍ശനത്തിന് പിന്നാലെ പ്രവാസി ഘടകങ്ങളെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനായി ആളുകൊണ്ടും അര്‍ഥം കൊണ്ടും സജ്ജമാക്കുകകൂടിയാണ് കെപിസിസി ലക്ഷ്യംവെയ്ക്കുന്നത്. പൊതുസമ്മേളനത്തിനെപ്പം യു.എ.ഇയിലെ എമിറേറ്റുകളിലെല്ലാം വന്‍ പങ്കാളിത്തമുള്ള സ്വാഗതസംഘ യോഗങ്ങളും പ്രവര്‍ത്തക കണ്‍വെന്‍ഷനുകളും നടക്കുന്നുണ്ട്.

Exit mobile version