ജനുവരി ഒന്ന് മുതല്‍ ബഹ്‌റൈനില്‍ മൂല്യവര്‍ധിത നികുതി പ്രാബല്യത്തില്‍!

വെള്ളം, ഇറച്ചി, മല്‍സ്യം, പച്ചക്കറി, ഉപ്പ്, പഞ്ചസാര, മുട്ട, ഗോതമ്പ് അടക്കമുള്ള ധാന്യങ്ങള്‍ തുടങ്ങിയ അവശ്യഭക്ഷ്യവസ്തുക്കളെ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആരോഗ്യ മേഖലയും പ്രധാന മരുന്നുകളും വാറ്റിന്റെ പരിധിയില്‍ വരില്ലെന്ന് ആരോഗ്യ മന്ത്രി ഫാഇഖ അസ്സാലിഹ് വ്യക്തമാക്കിയിട്ടുണ്ട്

ബഹ്‌റൈനില്‍ ജനുവരി ഒന്ന് മുതല്‍ മൂല്യവര്‍ധിത നികുതി പ്രാബല്യത്തില്‍ വരും. മൂല്യ വര്‍ധിത നികുതി നടപ്പിലാക്കുന്നതിനുള്ള ജി.സി.സി രാഷ്ട്രങ്ങളുടെ ഏകീക്യത ഗള്‍ഫ് കരാര്‍ ബഹ് റൈന്‍ അംഗീകരിച്ചതിന്റെ ഭാഗമായാണ് നാഷണല്‍ അസംബ്ലി യോഗം വാറ്റ് നടപ്പിലാക്കാന്‍ അനുമതി നല്‍കിയത്. ഭരണഘടനാപരവും നിയമപരവുമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് രാജ്യത്ത് മൂല്യ വര്‍ധിത നികുതി നടപ്പില്‍ വരുമെന്ന് അധികൃതര്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നു. വാറ്റില്‍ നിന്നും തൊണ്ണൂറ്റിനാലു അടിസ്ഥാന സേവനങ്ങള്‍ക്കും ഉല്പന്നങ്ങള്‍ക്കും ഇളവ് നല്‍കി. അവശ്യഭക്ഷണ ഉല്‍പന്നങ്ങളും ആരോഗ്യ സേവന മേഖലയും പ്രധാന മരുന്നുകളും വാറ്റിന്റെ പരിധിയില്‍ വരില്ല.

വെള്ളം, ഇറച്ചി, മല്‍സ്യം, പച്ചക്കറി, ഉപ്പ്, പഞ്ചസാര, മുട്ട, ഗോതമ്പ് അടക്കമുള്ള ധാന്യങ്ങള്‍ തുടങ്ങിയ അവശ്യഭക്ഷ്യവസ്തുക്കളെ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആരോഗ്യ മേഖലയും പ്രധാന മരുന്നുകളും വാറ്റിന്റെ പരിധിയില്‍ വരില്ലെന്ന് ആരോഗ്യ മന്ത്രി ഫാഇഖ അസ്സാലിഹ് വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സേവനങ്ങളിലും വാറ്റ് നല്‍കേണ്ടിവരില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഡോക്ടര്‍ മാജിദ് അലി അല്‍ നുഐമിയും അറിയിച്ചു. രാജ്യത്തെ സൂപ്പര്‍ മാര്‍ക്കറ്റുകളടക്കമുള്ള എഴുന്നൂറോളം സ്ഥാപനങ്ങള്‍ വാറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതായി ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.

വാറ്റിനെക്കുറിച്ചു ബോധവത്കരണം നടത്താനും സംശയങ്ങള്‍ ദുരീകരിക്കാനും വ്യവസായ വാണിജ്യ വിനോദസഞ്ചാര മന്ത്രാലയങ്ങളുമായി സഹകരിച്ച് ബഹ്‌റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് അധികൃതര്‍ വിപണി സന്ദര്‍ശനം ഏകോപിപ്പിക്കുന്നുണ്ട്. മുന്നൂറു ബഹിറൈന്‍ ദിനാറില്‍ താഴെ വിലയുള്ള സമ്മാനങ്ങള്‍ക്കു വാറ്റ് ഈടാക്കില്ല. അതേസമയം, വായ്പ, പലിശ, പണം പിന്‍ വലിക്കല്‍, എ.ടി.എം ഇടപാടുകള്‍ തുടങ്ങിയ ബാങ്ക് വ്യവഹാരങ്ങളെയും വാറ്റ് ബാധിക്കില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

Exit mobile version