സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം; കൂടുതല്‍ വെളിപ്പെടുത്തലുമായി ടര്‍ക്കിഷ് മാധ്യമ പ്രവര്‍ത്തകരുടെ പുസ്തകം

സൗദിയെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകളാണ് പുസ്തകത്തിലുള്ളത്. ഈ വര്‍ഷം ഒക്ടോബര്‍ 2നാണ് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് ഖഗോഷി കൊല്ലപ്പെടുന്നത്

റിയാദ്: സൗദിയില്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ടര്‍ക്കിഷ് മാധ്യമ പ്രവര്‍ത്തകരുടെ ഡിപ്ലോമാറ്റിക് അട്രോസിറ്റി, ദ ഡാര്‍ക്ക് സീക്രട്ട് ഓഫ് ഖഷോഗ്ഗിസ് മര്‍ഡര്‍ എന്ന പുസ്തകം പുറത്തിറങ്ങി. സൗദിയെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകളാണ് പുസ്തകത്തിലുള്ളത്. ഈ വര്‍ഷം ഒക്ടോബര്‍ 2നാണ് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് ഖഗോഷി കൊല്ലപ്പെടുന്നത്. പ്രത്യേക പരിശീലനം കിട്ടിയ 15 അംഗ സംഘമാണ് ആസൂത്രണം പിഴയ്ക്കാതെ കൊലപാതകം പൂര്‍ത്തിയാക്കിയതെന്ന് പുസ്തകം പറയുന്നു.

സുരക്ഷാ ജീവനക്കാരെന്ന് വ്യാജേനെ തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ ഉണ്ടായിരുന്ന സയ്യിദ് മുഅയ്യദ് അല്‍ ഖര്‍നി. മുഫ്‌ലിഷ് ഷയാ അല്‍ മസ്‌ലഹ് സൗദി ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെന്നാണ് പുസ്തകത്തിലെ വെളിപ്പെടുത്തല്‍. അവരുടെ പേരു സഹിതമാണ് വെളിപ്പെടുത്തല്‍. പുസ്തകത്തില്‍ പേര് പരാമര്‍ശിക്കപ്പെട്ട മറ്റൊരാള്‍ ഇസ്താംബൂളിലെ സൗദി ഏജന്റ് അഹ്മദ് അബ്ദുല്ല അല്‍ മുസൈനിയാണ്. കൊലപാതക ശേഷം മൃതദേഹം വിദഗ്ധമായി നശിപ്പിക്കുകയായിരുന്നു ഇവരുടെ ദൗത്യമെന്നും ദി ഡിപ്ലോമാറ്റിക് അട്രോസിറ്റി. ദ ഡാര്‍ക്ക് സീക്രട്ട് ഓഫ് ഗഷോഗ്ഗിസ് മര്‍ഡര്‍ ആരോപിക്കുന്നു.

ഖഷോഗിയുടെ മൃതദേഹം ഇതുവരെ ലഭിച്ചിട്ടില്ലെന്നത് വ്യക്തമായ ആസൂത്രണം നടന്നു എന്നതിന് തെളിവുമാണെന്നാണ് ആരോപണം. സൗദി രാജകുമാരന്‍ മുഹമ്മദ് ഇബ്‌നു സല്‍മാന്റെ നിര്‍ദേശ പ്രകാരമാണ് കൊലപാതകം എന്ന ആക്ഷേപങ്ങള്‍ ബലപ്പെടുത്തുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍. അതേ സമയം പുസ്തകത്തോട് സൗദി സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല

Exit mobile version