428 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചാര്‍ട്ടേഡ് വിമാനമൊരുക്കി ഷെയ്ഖ് മുഹമ്മദ്! യാത്ര പുണ്യനഗരമായ മക്കയില്‍ ഉംറ നിര്‍വഹിക്കാന്‍, നിറകൈയ്യടി

എമിറേറ്റ്‌സിന്റെ ഇകെ 2819 എന്ന ബോയിങ്ങ് 777300 ഇആര്‍ വിമാനത്തിലാണ് ജീവനക്കാര്‍ യാത്ര തിരിച്ചത്.

അബുദാബി: 428 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചാര്‍ട്ടേഡ് വിമാനമൊരുക്കി യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് ജീവനക്കാര്‍ക്ക് യാത്ര ഒരുക്കിയത്. പുണ്യ നഗരമായ മക്കയില്‍ ഉംറ നിര്‍വ്വഹിക്കാനാണ് ജീവനക്കാര്‍ക്ക് സൗകര്യമൊരുക്കിയത്.

എമിറേറ്റ്‌സിന്റെ ഇകെ 2819 എന്ന ബോയിങ്ങ് 777300 ഇആര്‍ വിമാനത്തിലാണ് ജീവനക്കാര്‍ യാത്ര തിരിച്ചത്. കിങ് അബ്ദുല്‍അസീസ് രാജ്യാന്തര വിമാനത്താവളത്തിലേക്കാണ് വ്യാഴാഴ്ച യാത്ര ആരംഭിച്ചത്. ശനിയാഴ്ച ഇകെ2822 എന്ന വിമാനത്തില്‍ ഇവര്‍ തിരികെ ദുബായിയിലെത്തും. ‘സയിദ് വര്‍ഷ’ത്തിന്റെ അലങ്കാരം നടത്തിയ വിമാനത്തിലായിരുന്നു സംഘത്തിന്റെ യാത്ര. ഈ വര്‍ഷം യുഎഇ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉംറ നിര്‍വഹിക്കാനും യാത്രയ്ക്കുമുള്ള സൗകര്യം ചെയ്തു കൊടുക്കാന്‍ സാധിച്ചതില്‍ അതിയായ അഭിമാനമുണ്ടെന്ന് എമിറേറ്റ്‌സ് ഗ്രൂപ്പ് സിഇഒ അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തും പറഞ്ഞു.

‘സയിദ് വര്‍ഷ’ത്തിന്റെ അവസാനത്തിനും ‘സഹിഷ്ണുത വര്‍ഷ’ത്തിന്റെ ആരംഭത്തിനും അനുയോജ്യമായ ഇടപെടലാണിത്. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സയിദന്റെ പ്രചോദനം നല്‍കുന്ന സന്ദേശങ്ങളും മൂല്യങ്ങളും തങ്ങള്‍ തുടര്‍ന്നും പ്രചരിപ്പിക്കും. ഉംറ യാത്രയ്ക്ക് പോയവര്‍ക്ക് ആശംസകള്‍ നേരുന്നുവെന്നും അവര്‍ സുരക്ഷിതമായി തിരികെ വീടുകളില്‍ എത്തട്ടേയെന്നും അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തും പറഞ്ഞു.

Exit mobile version