സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമോതി ഒമാന്‍; ദേവാലയങ്ങളില്‍ തീ ജ്വാല ശുശ്രൂഷകളും പാതിരാ കുര്‍ബാനയും

ഒമാന്‍ മതകാര്യ മന്ത്രാലയം അനുവദിച്ചിട്ടുള്ള നാല് കേന്ദ്രങ്ങളില്‍ ആയിരുന്നു ആരാധനകള്‍ നടന്നത്

മസ്‌കറ്റ്: സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമോതി ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുന്നു. തിരുപ്പിറവിയുടെ ഓര്‍മ്മകള്‍ പുതുക്കി ഒമാനിലെ വിവിധ ദേവാലയങ്ങളില്‍ പ്രാര്‍ഥനാചടങ്ങുകളും തീ ജ്വാല ശുശ്രൂഷകളും പാതിരാ കുര്‍ബാനയും നടന്നു. ഒമാന്‍ മതകാര്യ മന്ത്രാലയം അനുവദിച്ചിട്ടുള്ള റൂവി, ഗാല, സൊഹാര്‍, സലാല എന്നി നാല് പ്രധാന കേന്ദ്രങ്ങളില്‍ പുലര്‍ച്ചെ വരെയാണ് വിവിധ സഭകളുടെ നേതൃത്വത്തിലു ഉള്ള ആരാധനകള്‍ നടന്നത്. ഒമാനില്‍ തിങ്കളാഴ്ച പ്രവര്‍ത്തി ദിവസമാണെങ്കിലും, യാതൊരു കുറവ് വരുത്താതെയാണ് വിശ്വാസികള്‍ ആഘോഷങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ഇന്നലെ വൈകുന്നേരം മുതല്‍ തന്നെ ഒമാനിലെ എല്ലാ ദേവാലയങ്ങളിലും ക്രിസ്മസിന്റെ പ്രത്യേക ശുശ്രൂഷകളും പ്രാര്‍ഥനാചടങ്ങുകളും പാതിരാ ശുശ്രൂഷകളും ആരംഭിച്ചു. ക്രിസ്മസിന് ഏറ്റവും പ്രാധന്യത്തോടു കൂടി നടത്തി വരുന്ന തീ ജ്വാല ശുശ്രൂഷയില്‍ ധാരാളം വിശ്വാസികളാണ് പങ്കെടുത്തത്.

സത്യ പ്രകാശമായ ക്രിസ്തുവിനെ സര്‍വ ലോകവും കുമ്പിട്ടു ആരാധിച്ചതിന്റെ പ്രതീകമായിട്ടാണ് തീ ജ്വാല ശുശ്രൂഷ നടത്തിവരുന്നത്. ഗാല മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി ദേവാലയത്തില്‍ നടന്ന തീ ജ്വാല ശുശ്രൂഷയ്ക്ക് മാര്‍ ഒസ്താത്തിയോസ് ഐസക്ക് നേതൃത്വം നല്‍കി.

Exit mobile version