‘ഞങ്ങള്‍ 100 കോടി യാത്രികരെ സ്വീകരിച്ചു, ഇനിയും മികച്ച സേവനങ്ങള്‍ തയ്യാറാക്കും’ ഏറ്റവും കൂടുതല്‍ ജനം കടന്നു പോയതിന്റെ ആഘോഷ നിറവില്‍ ദുബായ് വിമാനത്താവളം!

ആഘോഷത്തിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.

ദുബായ്: ഏറ്റവും കൂടുതല്‍ ജനം കടന്നു പോയതിന്റെ ആഘോഷ നിറവില്‍ ദുബായ് വിമാനത്താവളം. 100 കോടി ജനങ്ങളാണ് വിമാനത്താവളത്തില്‍ എത്തിയിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് അധികൃതര്‍ ആഘോഷങ്ങളും സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ആഘോഷ വേളയെ കുറിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു.

‘വിമാനത്താവളം 100 കോടി യാത്രക്കാരെ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ ഒരു നാഴികക്കല്ലാണിത്. ലോകത്തിന്റെ ആശ്രയമായി മാറുന്ന വിമാനത്താവളത്തിന് മികച്ച ഭാവിയൊരുക്കാന്‍ കൂടുതല്‍ കൂടുതല്‍ നല്ല സേവനങ്ങള്‍ തയ്യാറാക്കുമെന്ന്’ ഷെയ്ക് മുഹമ്മദ് ട്വീറ്റ് ചെയ്തു. ആഘോഷത്തിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.

ഒര്‍ലാന്‍ഡോയില്‍ നിന്ന് എമിറേറ്റ്സ് വിമാനത്തിലെത്തിയ അര്‍ജുന്‍ എന്ന ഒമ്പതുവയസുകാരനെ സ്വീകരിച്ചാണ് വിമാനത്താവളം 100 കോടി യാത്രക്കാര്‍ എന്നതിന്റെ ആഘോഷം ആരംഭിച്ചത്. ഷെയ്ക് അഹ്മദാണ് അര്‍ജുനിനെയും കുടുംബത്തെയും സ്വീകരിച്ചത്. 1960 സെപ്തംബര്‍ 30നാണ് ദുബായ് വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചത്. ലോകത്തെ ഏറ്റവും മനോഹരവും മികച്ചതുമായ ഒന്നാക്കി മാറ്റിയെടുക്കുന്നതിന് പ്രയത്നിച്ച ദുബായ് എയര്‍പോര്‍ട്ട് ചെയര്‍മാന്‍ ഷെയ്ക് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂമിനും ജീവനക്കാര്‍ക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

Exit mobile version