‘മന്ദാകിനി-മലബാര്‍ വാറ്റ്’ കേരളത്തില്‍ അനധികൃതമായി നിര്‍മ്മിക്കുന്ന നാടന്‍ വാറ്റ് കാനഡയില്‍ വമ്പന്‍ ഹിറ്റ്

കേരളത്തില്‍ അനധികൃതമായി നിര്‍മ്മിക്കുന്ന നാടന്‍ വാറ്റ് കാനഡയില്‍ വമ്പന്‍ ഹിറ്റ്. പേര് പരിഷ്‌കരിച്ചാണ് നിയമവിധേയമായി ചൂടപ്പം പോലെ കാനഡയില്‍ വിറ്റഴിഞ്ഞു പോകുന്നത്. മന്ദാകിനി-മലബാര്‍ വാറ്റ് എന്ന പേരിലാണ് വാറ്റ് വിറ്റഴിക്കുന്നത്. കരിമ്പ് ഉപയോഗിച്ചാണ് വാറ്റിയെടുക്കുന്ന ഈ മദ്യത്തിന് വില 40 കനേഡിയന്‍ ഡോളറാണ് (2300രൂപ).

കാനഡയില്‍ സ്ഥിരതാമസമാക്കിയ കോതമംഗലം സ്വദേശികളായ സഹോദരന്മാരാണ് വ്യത്യസ്തമായ ഈ ആശയത്തിന് പിന്നില്‍. നമ്മുടെ നാട്ടില്‍ നിര്‍മ്മിക്കുന്ന നാടന്‍ വാറ്റിന്റെ കൂട്ടുകള്‍ ഗുണമേന്മ ഉറപ്പാക്കി വാറ്റിയാണ് ഇവര്‍ വിറ്റഴിക്കുന്നത്. ഈ വാറ്റിന് ഒറിയാന്റോ പ്രവിശ്യയില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ സംഭവം ക്ലിക്കാവുകയും ചെയ്തു. നാല് വര്‍ഷത്തെ പഠനത്തിന് ശേഷമാണ് ഇവര്‍ പദ്ധതി യാഥാര്‍ഥ്യമാക്കിയത്.

ക്യൂബ, ജമൈക്ക, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ തദ്ദേശീയ മദ്യങ്ങള്‍ രാജ്യാന്തര വിപണിയില്‍ നേട്ടം കൊയ്യുന്നതു കണ്ടാണ് ഇവരും ഈ രംഗത്തേയ്ക്ക് ചുവടുവെച്ചത്. ഇവരുടെ റെസിപ്പി അനുസരിച്ച് ഡിസ്റ്റലറിയാണ് മദ്യം നിര്‍മ്മിച്ചു നല്‍കുന്നത്. കുപ്പിയില്‍ മലയാളത്തില്‍ നാടന്‍ വാറ്റെന്നും തമിഴില്‍ നാട്ടുസരക്കെന്നും എഴുതിയിട്ടുണ്ട്. ഹിന്ദി, ഗുജറാത്തി, തെലുങ്ക് ഭാഷകളിലും പേര് നല്‍കിയിട്ടുണ്ട്.

46 ശതമാനമാണ് മന്ദാകിനിയില്‍ ആല്‍ക്കഹോളിന്റെ അളവ്. കാനഡക്ക് പുറമെ യുഎസിലും യുകെയിലും ഈ വാറ്റിന് ആരാധകര്‍ ഏറെയാണ്.

Exit mobile version