കൊവിഡ് വ്യാപനം; ഒമാനില്‍ രാത്രികാല വിലക്ക് പ്രാബല്യത്തില്‍ വന്നു

മസ്‌കറ്റ്: രാജ്യത്ത് കൊവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ ഒമാനിലെ മുഴുവന്‍ ഗവര്‍ണറേറ്റുകളിലെയും വ്യാപാര-വാണിജ്യ സ്ഥാപനങ്ങള്‍ രാത്രിസമയം അടച്ചിടണമെന്ന സുപ്രീം കമ്മറ്റി തീരുമാനം ഇന്നലെ(മാര്‍ച്ച് 4) മുതല്‍ നിലവില്‍ വന്നു.

മാര്‍ച്ച് 20വരെ വ്യാപാര സ്ഥാപനങ്ങള്‍ രാത്രി എട്ടു മുതല്‍ പുലര്‍ച്ച അഞ്ചു മണിവരെ അടച്ചിടും. വാണിജ്യ സ്ഥാപനങ്ങള്‍ നിര്‍ദേശം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുന്നതിന് നഗരസഭകള്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

എന്നാല്‍ രാത്രിസമയത്ത് വാഹനഗതാഗതത്തിന് തടസ്സമുണ്ടാകില്ല. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണങ്ങള്‍. അതേസമയം ഒമാനില്‍ ഇന്നലെ 369 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൊവിഡ് ബാധിച്ച് രാജ്യത്ത് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയതിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 353 പേര്‍ കൂടി രോഗമുക്തരായി. ഇതുവരെ 1,42,896 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,33,491 പേരും രോഗമുക്തരായിട്ടുണ്ട്. 1583 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ആകെ മരണപ്പെട്ടത്.

Exit mobile version