അന്താരാഷ്ട്ര വിമാന സര്‍വീസിന് വീണ്ടും വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ

saudi arabia | big news live

റിയാദ്: വീണ്ടും അന്താരാഷ്ട്ര വിമാന സര്‍വീസിന് വിലക്കേര്‍പ്പെടുത്തി സൗദി. ലണ്ടനില്‍ ജനിതക മാറ്റം വന്ന കൊവിഡ് വൈറസിനെ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര വിമാന സര്‍വീസിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ചത്തേക്ക് അത്യാവശ്യ സര്‍വീസ് ഒഴികെ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

അതേസമയം നിലവില്‍ സൗദിയിലുള്ള വിദേശ വിമാനങ്ങളെ തിരിച്ചുപോകാന്‍ അനുവദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. വിമാന സര്‍വീസിന് പുറമെ കര, നാവിക മാര്‍ഗങ്ങളിലൂടെ രാജ്യത്തേക്കുള്ള പ്രവേശനത്തിനും ഒരാഴ്ചത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വീണ്ടും ഒരാഴ്ച കൂടി നീട്ടിയേക്കാം.

ഡിസംബര്‍ എട്ട് മുതല്‍ ഏതെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നോ പുതിയ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏതെങ്കിലും രാജ്യത്തു നിന്നോ സൗദിയില്‍ എത്തിയവര്‍ രാജ്യത്തേക്ക് പ്രവേശിച്ച തീയതി മുതല്‍ രണ്ടാഴ്ചത്തേക്ക് ഹോം ക്വാറന്റൈനില്‍ കഴിയണമെന്ന് അധികൃതര്‍ അറിയിച്ചു.

ക്വാറന്റൈന്‍ കാലയളവില്‍ ഒരോ അഞ്ച് ദിവസത്തിലും കൊവിഡ് പരിശോധന നടത്തണം. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്ത് നിന്ന് മടങ്ങിയെത്തിയവര്‍ അല്ലെങ്കില്‍ പകര്‍ച്ചവ്യാധി പ്രത്യക്ഷപ്പെട്ട ഏതെങ്കിലും രാജ്യങ്ങളിലൂടെ കടന്നുപോയവരും കൊവിഡ് പരിശോധന നിര്‍ബന്ധമായും നടത്തണം.

Exit mobile version