വിമാന നിയന്ത്രണ വാഹനത്തിന്റെ അടിയില്‍പ്പെട്ടു; യുഎസില്‍ മലയാളി ജീവനക്കാരന് ദാരുണാന്ത്യം

airport hangar | Bignewslive

മിഷിഗണ്‍: യുഎസില്‍ വിമാന നിയന്ത്രണ വാഹനത്തിന്റെ അടിയില്‍പ്പെട്ട് മലയാളി ജീവനക്കാരന് ദാരുണാന്ത്യം. കൊല്ലം പത്തനാപുരം പാറപ്പാട്ട് കുടുംബാംഗമായ ജിജോ ജോര്‍ജാണ് ആണ് ദാരുണമായി മരിച്ചത്. 35 വയസായിരുന്നു.

ഷിക്കാഗോയിലെ ഒഹാരെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഷിക്കാഗോ പോലീസിന് അപകട വിവരം ലഭിക്കുന്നത്. വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാന്‍ഡ് ചെയ്യുമ്പോഴും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന പ്രത്യേക ഉപകരണങ്ങളുള്ള വാഹനമാണ് ജിജോയെ ഇടിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

ഹാംഗര്‍ 764ല്‍ എയര്‍ക്രാഫ്റ്റ് ഡ്രൈവബിള്‍ പുഷ്ബാക്ക് ഉപകരണം ഇടിച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നു. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആനി ജോസാണ് ഭാര്യ. ഒരു കുട്ടിയുണ്ട്. ജിജോയുടെ പിതാവും മാതാവും ഷിക്കാഗോയിലാണ് താമസം.

Exit mobile version