മുന്‍ഭാര്യയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചു; യുവാവിന് ജയില്‍ ശിക്ഷ വിധിച്ച് കോടതി, ലക്ഷങ്ങള്‍ പിഴയും

റാസല്‍ഖൈമ: മുന്‍ഭാര്യയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചയാള്‍ക്ക് ജയില്‍ ശിക്ഷയും കനത്ത പിഴയും വിധിച്ച് റാസല്‍ഖൈമ സിവില്‍ കോടതി. അറബ് വംശജനായ ആള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്.ഇയാള്‍ രണ്ടുമാസം ജയില്‍ ശിക്ഷയും 70,000 ദിര്‍ഹം നഷ്ടപരിഹാരവും നല്‍കണമെന്ന് കോടതി വിധിച്ചു. മറ്റൊരാളെ വിവാഹം ചെയ്ത മുന്‍ഭാര്യയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും അധിക്ഷേപിക്കുന്ന തരത്തില്‍ മോശമായ ഭാഷ ഉപയോഗിക്കുകയും ചെയ്തു എന്നാണ് പ്രോസിക്യൂഷന്‍ കുറ്റ പത്രത്തില്‍ പറയുന്നത്.

സംഭവത്തില്‍ അറബ് വംശജന്‍ കുറ്റക്കാരനാണെന്ന് ഷാര്‍ജ കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ക്ക് രണ്ടുമാസത്തെ ജയില്‍ ശിക്ഷ വിധിച്ചിരുന്നു. കേസ് പിന്നീട് റാസല്‍ഖൈമ സിവില്‍ കോടതിയിലേക്ക് കൈമാറുകയായിരുന്നു. ജയില്‍ശിക്ഷയ്ക്ക് പുറമെ മുന്‍ഭാര്യയ്ക്ക് 70,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് റാസല്‍ഖൈമ സിവില്‍ കോടതിയും ഉത്തരവിട്ടു.

അധിക്ഷേപിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ മുന്‍ഭാര്യയായ സ്ത്രീയെ വേദനിപ്പിച്ചുവെന്ന് കോടതി കണ്ടെത്തി. മുന്‍ഭാര്യയ്ക്ക് കോടതി നടപടികള്‍ക്കായുള്ള തുകയും അഭിഭാഷകന്റെ ഫീസും നല്‍കേണ്ടിയും വന്നെന്നും ചൂണ്ടിക്കാട്ടിയാണ് പിഴ വിധിച്ചത്.

Exit mobile version