ഒമാലില്‍ എണ്ണയിതര ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ വന്‍ കുതിപ്പ്

രണ്ടായിരത്തി പതിനാറില്‍ 2586.4 ദശലക്ഷം ഒമാനി റിയാലില്‍ ആയിരുന്നു ആകെ നടന്ന കയറ്റുമതി. ഇത് 2017 ല്‍ 2,852.4 ദശലക്ഷം റിയാലായിട്ടാണ് വര്‍ധിച്ചത്

മസ്‌കറ്റ്: ഒമാനിലെ എണ്ണയിതര ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ 33 ശതമാനത്തിന്റെ വര്‍ദ്ധനവ്. കഴിഞ്ഞ വര്‍ഷത്തെക്കാളും രണ്ടിരട്ടിയാണ് ഇക്കുറി വര്‍ദ്ധിച്ചിരിക്കുന്നത്. ഒമാന്‍ കയറ്റുമതി വികസന ഏജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന വ്യവസായ സംരംഭകര്‍ക്ക് ഒമാന്‍ പ്രധാന കേന്ദ്രമായി മാറി കഴിഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി.

ഒമാന്‍ ഗതാഗത വാര്‍ത്ത വിനിമയ മന്ത്രി അഹമ്മദ് മൊഹമ്മദ് ഫൂത്തസിയുടെ നേതൃത്വത്തില്‍ ആരംഭിച്ച കയറ്റുമതി വാരാഘോഷത്തില്‍ എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ജെനറല്‍ നസീമ യഹ്യ സിറൂഖ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 2017 ല്‍ 8.2 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ എണ്ണ ഇതര കയറ്റുമതി ആണ് ഒമാനില്‍ നിന്നും നടന്നത്. 2016 ല്‍ ഇത് 6.2 ബില്യന്‍ ഡോളര്‍ ആയിരുന്നു രേഖപെടുത്തിയിരുന്നത്.

രാസ വസ്തുക്കള്‍, പ്ലാസ്റ്റിക്‌സ്, അടിസ്ഥാന ലോഹ ഉല്‍പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ ആണ് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. രാജ്യത്തിന്റെ മൊത്തം ഉല്‍പന്നങ്ങളുടെ കയറ്റുമതിയിലും 10.3 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. രണ്ടായിരത്തി പതിനാറില്‍ 2586.4 ദശലക്ഷം ഒമാനി റിയാലില്‍ ആയിരുന്നു ആകെ നടന്ന കയറ്റുമതി. ഇത് 2017 ല്‍ 2,852.4 ദശലക്ഷം റിയാലായിട്ടാണ് വര്‍ധിച്ചത്.

എണ്ണ, പ്രകൃതി വാതക കയറ്റുമതിയില്‍ നിന്നുള്ള വരുമാനം 28.4 ശതമാനം വര്‍ധനവാണ് രേഖപെടുത്തിയിരിക്കുന്നത്. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കാന്‍ ഒമാന്‍ സര്‍ക്കാര്‍, ഇന്ത്യ ഉള്‍പ്പടെ വിവിധ വിദേശ രാജ്യങ്ങളില്‍ ഒമാനി ഉത്പന്നങ്ങളുടെ നിരവധി പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചു വരുന്നുണ്ട്.

Exit mobile version