അബുദാബിയില്‍ ഭക്ഷണശാലയില്‍ സ്‌ഫോടനം; പൊലിഞ്ഞത് രണ്ട് ജീവനുകള്‍, അപകട കാരണം പാചക വാതക ചോര്‍ച്ചയെന്ന് നിഗമനം

അബുദാബി: അബുദാബിയിലെ ഭക്ഷണശാലയില്‍ സ്‌ഫോടനം. തിങ്കളാഴ്ച രാവിലെയോടെയാണ് അപകടമുണ്ടായത്. സ്‌ഫോടനത്തില്‍ രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. കെട്ടിടത്തിലുണ്ടായിരുന്ന ആളും അതുവഴി നടന്നുപോകവേ സ്ഫോടനാവശിഷ്ടം ശരീരത്തില്‍ വീണുമാണ് മരണം സംഭവിച്ചിരിക്കുന്നത്.

പാചകവാതക ചോര്‍ച്ചയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അബുദാബി പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. അബുദാബി റാഷിദ് ബിന്‍ സായിദ് സ്ട്രീറ്റിലെ (എയര്‍പോര്‍ട്ട് റോഡ്) കെഎഫ്‌സി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് സ്‌ഫോടനമുണ്ടായത്.

സുരക്ഷാസേനയെത്തി പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്കും കെട്ടിടത്തില്‍ കുടുങ്ങിയവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്കും മാറ്റുകയും ചെയ്തു. ആവശ്യമുള്ളവര്‍ക്ക് താല്‍കാലിക താമസകേന്ദ്രവും ലഭ്യമാക്കിയതായും അധികൃതര്‍ അറിയിച്ചു. സ്‌ഫോടനം നടന്നതിന്റെ അടിസ്ഥാനത്തില്‍ ഇതുവഴിയുള്ള റോഡുകള്‍ പോലീസ് അടയ്ക്കുകയും ചെയ്തു.

Exit mobile version