കരിപ്പൂര്‍ വിമാനാപകടം; ദുരന്തത്തില്‍ ഉറ്റവര്‍ മരണപ്പെട്ടവര്‍ക്ക് യുഎഇയില്‍ നിന്ന് നാട്ടിലെത്താന്‍ സൗജന്യ ടിക്കറ്റുമായി അല്‍ഹിന്ദ് ട്രാവല്‍സ്

ദുബായ്: കരിപ്പൂര്‍ വിമാനാപകടത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തരമായി യുഎഇയില്‍ നിന്നും നാട്ടിലെത്താന്‍ സൗജന്യമായി വിമാന ടിക്കറ്റുകള്‍ നല്‍കുമെന്ന് അല്‍ഹിന്ദ് ട്രാവല്‍സ്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ആവശ്യമെങ്കില്‍ അല്‍ഹിന്ദ് ട്രാവല്‍സിന്റെ ദുബായിലുള്ള ഓഫീസുമായോ ഈസ്റ്റ് റീജിയണല്‍ മാനേജര്‍ ടി.അബ്ദുല്‍ ജലീലുമായോ തൊട്ടടുത്ത അല്‍ഹിന്ദ് ഓഫീസുമായോ ബന്ധപ്പെടാവുന്നതാണെന്ന് കോര്‍പ്പറേറ്റ് ഡയറക്ടര്‍ നൂറുദ്ധീന് അഹമ്മദ് അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍: യുഎഇ: 00971 565499687, ഇന്ത്യ: 0091 9446005859.

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍ നിന്ന് വന്ന എ.ഐ.1334 ബോയിങ് വിമാനമാണ് കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍ പെട്ടത്. റണ്‍വേയില്‍ നിന്ന് തെന്നിമാറി വിമാനം 35 അടി താഴ്ചയിലേക്ക് വീണ് പിളരുകയായിരുന്നു. ഇന്നലെ വൈകീട്ട് 7 മണി കഴിഞ്ഞായിരുന്നു ദുരന്തം. അപകടത്തില്‍ 18 പേര്‍ മരിച്ചു. ചികില്‌സയില് കഴിയുന്ന 172 പേരില്‍ 16 പേരുടെ നില ഗുരുതരമാണ്.

ചികില്‍സ ഉറപ്പാക്കുന്നതിനും മൃതദേഹങ്ങള്‍ വിട്ടുകൊടുക്കുന്നതിനും നടപടികള്‍ തുടരുകയാണെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ്, ബീച്ച് ആശുപത്രി, ബേബി മെമ്മോറിയല്‍ ആശുപത്രി, മിംസ് എന്നിവിടങ്ങളിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം അപകടത്തില്‍പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിന്റെ ഫ്‌ലൈറ്റ് റെക്കോര്‍ഡര്‍ കണ്ടെടുത്തു.

Exit mobile version