കൃത്രിമ രേഖകള്‍ ഉപയോഗിച്ച് രാജ്യത്തേയ്ക്ക് ഇനി പ്രവേശിക്കാനാകില്ല; വ്യാജന്മാരെ പിടികൂടാന്‍ അത്യാധുനിക സംവിധാനം ഒരുക്കി, സ്മാര്‍ട്ടായി ദുബായ്

ദുബായ്: യാത്രാ രേഖകളുടെ പരിശോധനയ്ക്കായി പുതിയ ഡിജിറ്റല്‍ സംവിധാനം ഒരുക്കി ദുബായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ്. ദുബായ് ഇ-ഡോക്യുമെന്റ്‌സ് സിസ്റ്റം എന്നാണ് നല്‍കിയിരിക്കുന്ന പേര്. ഇതുവഴി കൃത്രിമ രേഖകള്‍ ഉപയോഗിച്ച് രാജ്യത്ത് പ്രവേശിക്കുന്നത് തടാന്‍ സാധിക്കുമെന്നാണ് കണ്ടെത്തല്‍. അതും അതിവേഗം കണ്ടെത്താന്‍ സാധിക്കുമെന്ന് അധികൃതര്‍ പറയുന്നു.

ദുബായ് എമിഗ്രേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂറാണ് പുതിയ സംവിധാനത്തിന് തുടക്കം കുറിച്ചത്. ലോകത്തിലെ എല്ലാം രാജ്യങ്ങളുടെയും യഥാര്‍ത്ഥ യാത്രാ രേഖകളുടെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ ശേഖരിച്ചിട്ടുണ്ട്.

ഇതുപയോഗിച്ച് പരിശോധന നടത്തിയാണ് അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്നത് തടയുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. നെതര്‍ലാന്റ്‌സ്, കാനഡ, അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിലവിലുള്ള സംവിധാനത്തിന് സമാനമാണിത്. യാത്രാ രേഖകള്‍ സ്ഥിരീകരിക്കുന്നതിനും വ്യാജ രേഖകള്‍ കണ്ടെത്തുന്നതിനുമുള്ള ഏറ്റവും ആധുനിക സംവിധാനമാണിതെന്നും മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍ പ്രതികരിച്ചു.

Exit mobile version