ഗള്‍ഫില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു; കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 174 ആയി

കുവൈത്ത് സിറ്റി: ഗള്‍ഫില് ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. വര്‍ക്കല രാത്തിക്കല്‍ ചരുവിള വീട്ടില്‍ ആഷിര്‍ ഖാന്‍ (45) ആണ് കുവൈത്തില് മരിച്ചത്. ടാക്‌സി ഡ്രൈവറായിരുന്നു. ഭാര്യ: ഷാഹിദ. മക്കള്‍: അലി, ശിഫ. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്‌കരിച്ചു.

കൊവിഡ് ബാധിച്ച് ഇന്ന് മാത്രം രണ്ട് മലയാളികളാണ് ഗള്‍ഫില്‍ മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 174 ആയി ഉയര്‍ന്നു. ഗള്‍ഫില്‍ കൊവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുകയാണ്. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. അതെസമയം സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

ഇന്ന് 94 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശത്തുനിന്നും 37 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഏഴു പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗം. ഇന്ന് മൂന്നു പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്.

ചെന്നൈയില്‍ നിന്ന് നാട്ടിലെത്തിയ പാലക്കാട് സ്വദേശി മീനാക്ഷിയമ്മാള്‍, അബുദാബിയില്‍ നിന്ന് എത്തിയ മലപ്പുറം സ്വദേശി ഷബ്‌നാസ്, കൊല്ലം കാവനാട് സ്വദേശി സേവ്യര്‍ എന്നിവരാണ് ഇന്ന് കൊവിഡ് ബാധിച്ചത് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 14 ആയി.അതെസമയം ഇന്ന് 39 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് നിലവില്‍ 884 പേര്‍ ചികിത്സയിലുണ്ട്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒന്നേ മുക്കാല്‍ ലക്ഷം എത്താറായി.

Exit mobile version