യുഎഇ ദിര്‍ഹം ഉപയോഗിച്ച് ശരീരം വൃത്തിയാക്കുന്ന വീഡിയോ പങ്കുവെച്ചു; പ്രവാസി യുവാവ് അറസ്റ്റില്‍

അബുദാബി: യുഎഇ കറന്‍സിയെ കളിയാക്കി വീഡിയോ ചിത്രീകരിച്ച പ്രവാസി യുവാവ് അറസ്റ്റില്‍. യുഎഇ ദിര്‍ഹം ഉപയോഗിച്ച് ശരീരം വൃത്തിയാക്കുന്നതായാണ് പ്രതി വിഡിയോയില്‍ ചിത്രീകരിച്ചത്. സംഭവം വൈറലായതിനു പിന്നാലെയാണ് അറസ്റ്റ്.

സമൂഹമാധ്യമങ്ങളില്‍ വിഡിയോ പോസ്റ്റ് ചെയ്താണ് അപകീര്‍ത്തിയുണ്ടാക്കിയതെന്ന് ദുബായ് സൈബര്‍ പോലീസ് അറിയിച്ചു. ഇയാളെ അനന്തര നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറുകയും ചെയ്തു.നേരത്തെ യുഎഇയിലെ കോവിഡ് 19 സുരക്ഷാ നടപടികളെ കളിയാക്കിയവര്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചതായുള്ള വാര്‍ത്ത പ്രതികളുടെ ഫൊട്ടോ സഹിതം പോലീസ് പുറത്തുവിട്ടിരുന്നു.

ഉത്തരവാദിത്വമില്ലാതെ പെരുമാറുന്ന ഇവര്‍ക്ക് ജോലി ലഭിക്കരുതെന്നും സമൂഹത്തില്‍ മാന്യന്മാരായി ഞെളിഞ്ഞുനടക്കരുതെന്നും കരുതിയാണ് ഇവരുടെ മുഖം മറയ്ക്കാതെയുള്ള ഫൊട്ടോ പ്രസിദ്ധീകരിക്കുന്നതെന്ന് ദുബായ് പോലീസ് ഉദ്യോഗസ്ഥന്‍ കേണല്‍ സഈദ് ഹാജിരി പറഞ്ഞു.

Exit mobile version