ഷാര്‍ജയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിച്ചിരുന്ന 49നില കെട്ടിടം തീപിടിക്കാന്‍ കാരണം സിഗററ്റ് കുറ്റി

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളികള്‍ ഉള്‍പ്പെടെ താമസിച്ചിരുന്ന 49 നിലകളുള്ള അബ്‌കോ ടവര്‍ തീപിടിക്കാന്‍ കാരണം അശ്രദ്ധമായി വലിച്ചെറിഞ്ഞ സിഗററ്റു കുറ്റിയെന്ന് സ്ഥിരീകരണം. ഷാര്‍ജ പോലീസിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രമുഖ ദിനപ്പത്രമായ ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയില്‍ നിന്നാണ് തീ പടര്‍ന്നത്. നിരോധിത അലൂമിനിയം ക്ലാഡിങ് ഉപയോഗിച്ചായിരുന്നു കെട്ടിടത്തിന്റെ പുറംഭാഗത്തെ നിര്‍മിതികള്‍ ഉണ്ടാക്കിയിരുന്നത്. ഇതാണ് ഒന്നാം നിലയില്‍ നിന്ന് തീ അതിവേഗം മുകളിലേക്കെത്താന്‍ കാരണമെന്ന് ഷാര്‍ജ പോലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി

തീപിടുത്തത്തില്‍ ഫ്‌ളാറ്റിന് താഴെ നിര്‍ത്തിയിട്ടിരുന്ന അനവധി വാഹനങ്ങള്‍ കത്തി നശിച്ചിരുന്നു. സിവില്‍ ഡിഫന്‍സ് സംഘത്തിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് എല്ലാവരെയും പെട്ടെന്ന് ഒഴിപ്പിക്കാന്‍ കഴിഞ്ഞതിനാല്‍ ആളപായം ഉണ്ടായില്ല. ചിലര്‍ക്ക് നിസ്സാര പരിക്ക് മാത്രമാണുണ്ടായത് എന്നാല്‍ പലരുടെയും പാസ്‌പോര്‍ട് അടക്കമുള്ള വിലപ്പെട്ട രേഖകളെല്ലാം കത്തി നശിച്ചിരുന്നു.

Exit mobile version