അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ ധനസമാഹരണത്തിന് പുതിയ വെബ്‌സൈറ്റ്

അബുദാബി : അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് ധനസമാഹരണം നടത്താനും നിര്‍മ്മാണ പുരോഗതി അറിയാനുമായി പുതിയ വെബ്‌സൈറ്റ് തുറന്നു. www.mandir.ae എന്നതാണ് വെബ്‌സൈറ്റ്. ക്ഷേത്രം നിര്‍മ്മിക്കാനും വികസിപ്പിക്കാനും നടത്തിപ്പിനും വേണ്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മന്ദിര്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്.

മന്ദിര്‍ ലിമിറ്റഡ് വക്താവ് അശോക് കൊട്ടെഷ പദ്ധതിക്കായി ധനസമാഹരണം നടത്താന്‍ സാമൂഹിക വികസന മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കി. പണമിടപാടുകള്‍ സുരക്ഷിതമാക്കാന്‍ യുഎഇ ആസ്ഥാനമായുള്ള ടെലര്‍ എന്ന കമ്പനിയാണ് ഗേറ്റ്‌വേ സേവനങ്ങള്‍ നല്‍കുന്നത്.

ക്ഷേത്രം നിര്‍മ്മിക്കുന്നത് അബുദാബി അല്‍ ഐന്‍ റോഡിലെ അല്‍ റഹബയില്‍ അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നല്‍കിയ 14 ഏക്കര്‍ സ്ഥലത്താണ്. ക്ഷേത്രസമുച്ചയത്തിന്റെ നിര്‍മാണത്തിന് ഏകദേശം 45 കോടി ദിര്‍ഹം ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഫെബ്രുവരിയില്‍ യുഎഇ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന്റെ മാതൃക അനാവരണം ചെയ്തിരുന്നു.

Exit mobile version