ഒമാനില്‍ കഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് സഹായഹസ്തവുമായി കൈരളി ടീം; ഭക്ഷണ കിറ്റുകളും മരുന്നുകളും വിതരണം ചെയ്തു

മസ്‌കറ്റ്: ഒമാനില്‍ കഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് സഹായ ഹസ്തവുമായി കൈരളി ടീം. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഒമാനിലെ കൈരളി പ്രവര്‍ത്തകര്‍ ബുറൈമി ഒഴികെയുള്ള ഗവര്‍ണറേറ്റുകളില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ നിരവധി തൊഴില്‍ മേഖലകള്‍ അടച്ചിട്ടിരിക്കുകയാണ്. ഇതോടെയാണ് തൊഴിലാളികളും ദുരിതത്തിലായത്.

ഭക്ഷണത്തിനും മരുന്നിനും മറ്റുമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഇവര്‍ക്ക് ഒടുവില്‍ ഒമാനിലെ വിവിധങ്ങളായ മേഖലകളില്‍ കൈരളി പ്രവര്‍ത്തകര്‍ ഭക്ഷണം കിറ്റുകളും, മരുന്നുകളും വിതരണം ചെയ്യുകയായിരുന്നു. ലോക് ഡൗണിന് ശേഷം മാത്രം മൂവായിരത്തോളം ഭക്ഷണ കിറ്റുകള്‍ കൈരളി പ്രവര്‍ത്തകര്‍ വിവിധ മേഖലകളില്‍ ഇതുവരെ വിതരണം ചെയ്തു കഴിഞ്ഞു. ഇതിനുപുറമേ ഡോക്ടര്‍മാരുടെയും ,ഫാര്‍മസിസ്റ്റുകളുടെയും ഹെല്‍പ്പ് ലൈന്‍ രൂപീകരിച്ച് പ്രവര്‍ത്തനവും നടത്തുന്നുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ എംബസി നല്‍കുന്ന പാസ് ഉപയോഗിച്ചാണ് ലോക് ഡൌണ്‍ മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്.

ഇന്ത്യന്‍ എംബസി ,നോര്‍ക ,ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് എന്നിവരുടെ സഹായവും ലഭിക്കുന്നുണ്ട് . അതുപോലെതന്നെ ഒമാന്‍ ഗവണ്‍മെന്റിന്റെ സഹായവും വലിയ ആശ്വാസമാണ് ഈ ഘട്ടത്തില്‍. നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍ ഒമാനില്‍ ഏകോപിപ്പിക്കുന്നത് പ്രവാസി ക്ഷേമനിധി ഡയറക്ടറും , ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം സെക്രട്ടറി കൂടിയായ പിഎം ജാബിര്‍ ആണ് . ഈ പ്രവര്‍ത്തനങ്ങളെ സജീവമാക്കുന്നതിനു കൈരളി സംഘടനയുടെ ഏതാണ്ട് അറുന്നൂറോളം വളണ്ടീയര്‍മാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്.

ബാലകൃഷ്ണന്‍, ഷാജി സെബാസ്റ്റ്യന്‍ എന്നിവരാണ് കൈരളി പ്രവര്‍ത്തകരെ ഏകോപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്. മിനിസ്ട്രി ഓഫ് ഹെല്‍ത്ത് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ തര്‍ജ്ജമ ചെയ്തു കൊണ്ട് വിവിധ ഭാഷകളില്‍ പ്രചരിപ്പിക്കന്നതും സാധരണക്കാരായ തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാണ്.

Exit mobile version