അബുദാബിയില്‍ കടുത്ത നിയന്ത്രണം; യാത്രാ നിയന്ത്രണം ലംഘിച്ചാല്‍ 10,000 ദിര്‍ഹം വരെ പിഴ

അബുദാബി: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കടുത്ത നിയന്ത്രണവുമായി അബുദാബി. ഏര്‍പെടുത്തിയിരിക്കുന്ന യാത്രാ നിയന്ത്രണം ലംഘിച്ചാല്‍ 10,000 ദിര്‍ഹം വരെ പിഴ ശിക്ഷ ഈടാക്കുമെന്ന് അബുദാബി സാമ്പത്തിക വികസന വകുപ്പ് അറിയിച്ചു.

അബുദാബിയിലുള്ള തൊഴിലാളികളെ പുറത്തേക്കും, പുറത്തു നിന്നുള്ള തൊഴിലാളികളെ എമിറേറ്റിനകത്തും കയറ്റില്ല. ഇത് ലംഘിച്ചാല്‍ കമ്പനികളില്‍ നിന്നാണ് 3000 മുതല്‍ 10,000 വരെ പിഴ ഈടാക്കുക. കൂടാതെ കമ്പനി അടപ്പിക്കുകയും ചെയ്യും. തൊഴിലാളികളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് ഈ തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.

നിര്‍മ്മാണ മേഖലയിലെ കമ്പനികള്‍ക്ക് ഇത് സംബന്ധിച്ച കര്‍ശന നിര്‍ദ്ദേശം അബുദാബി സാമ്പത്തിക വികസന വകുപ്പ് നല്‍കിയിട്ടുണ്ട് . ആദ്യ നിയമലംഘനത്തിന് 3000 ദിര്‍ഹമാണ് പിഴ. തെറ്റ് ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിക്കും.

കൂടാതെ നിയമലംഘനം ആവര്‍ത്തിച്ചാല്‍ കമ്പനി പൂട്ടിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.എമിറേറ്റിലെ തൊഴിലാളികള്‍ക്ക് അബുദാബി, അല്‍ഐന്‍, അല്‍ ദഫ്ര എന്നിവിടങ്ങളില്‍ മാത്രമേ യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ.

Exit mobile version