കൊവിഡ്: യുഎഇ വിസകളുടെ കാലാവധി നീട്ടി

അജ്മാന്‍: രാജ്യത്തിനകത്തുള്ള സന്ദര്‍ശകരുടെയും താമസക്കാരുടെയും വിസാ കാലാവധി നീട്ടിയതായി യുഎഇ അധികൃതര്‍ വ്യക്തമാക്കി.ഡിസംബര്‍ വരെയാണ് വിസാ കാലാവധി നീട്ടിയിരിക്കുന്നത്. മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി അവസാനിച്ച വിസക്കാര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ് ഫെഡറല്‍ അതോറ്റി വക്താവ് കേണല്‍ ഖമീസ് ആല്‍ കഅബി ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന് പുറത്തുള്ള റെസിഡന്‍സി വിസക്കാരുടെ കാലാവധിയും മാര്‍ച്ച് ഒന്നിന് ശേഷം അവസാനിക്കുകയാണെങ്കില്‍ അത് ഡിസംബര്‍ വരെ നീട്ടിനല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

കൂടാതെ മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി അവസാനിക്കുന്ന തിരിച്ചറിയല്‍കാര്‍ഡുകളുടെ കാലാവധിയും ഡിസംബര്‍ വരെ നീട്ടിയിട്ടുണ്ട്. അതെസമയം യുഎഇയില്‍ കൊവിഡ് ബാധിച്ച് മൂന്ന് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 25 ആയി ഉയര്‍ന്നു. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

യുഎഇയില്‍ രോഗം ഭേദമാവുന്നവരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തി. 172 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി. രോഗവിമുക്തി നേടിയവരുടെ എണ്ണം 852 ആയി.

Exit mobile version