കൊവിഡ് 19; പൊതുനന്മയുടെ ഭാഗമായി ആവശ്യമെങ്കില്‍ രാജ്യത്തെ എല്ലാ പള്ളികളും അടച്ചിടുമെന്ന് സൗദി

റിയാദ്: സൗദി അറേബ്യയില്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുകയാണ്. ഞായറാഴ്ച മാത്രം 15 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുനന്മയുടെ ഭാഗമായി ആവശ്യമെങ്കില്‍ രാജ്യത്തെ എല്ലാ പള്ളികളും താത്കാലികമായി അടച്ചിടുമെന്ന് സൗദി മതകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആല്‍ ശൈഖ് അറിയിച്ചു.

പകര്‍ച്ചവ്യാധികള്‍ പിടിപെട്ടവര്‍ പള്ളികളിലേക്ക് നിസ്‌കാരങ്ങള്‍ക്ക് പോകരുതെന്നാണ് ഇസ്ലാമിക പണ്ഡിതന്മാരുടെ നിലപാട്. രോഗം പടരുമോ എന്ന ഭയമുള്ളവരും പള്ളികളിലേക്ക് പോവേണ്ടതില്ലെന്നും അത്തരക്കാര്‍ക്ക് വീടുകളില്‍വെച്ച് നിസ്‌കരിക്കാവുന്നതാണെന്നും പണ്ഡിതന്മാര്‍ പറയുന്നു.

മതകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളും ചട്ടങ്ങളും പാലിക്കാത്ത ഇമാമുമാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും ഡോ. അബ്ദുല്ലത്തീഫ് ആല്‍ ശൈഖ് മുന്നറിയിപ്പ് നല്‍കി. സൗദിയില്‍ ഇതുവരെ കൊവിഡ് ബാധിതരുടെ എണ്ണം 118 ആയി ഉയര്‍ന്നിരിക്കുകയാണ്. ഇതില്‍ രണ്ടുപേര്‍ സുഖം പ്രാപിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

Exit mobile version