സൗദിക്ക് പിന്നാലെ യുഎഇയിലും കനത്ത മഴ; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

അപ്രതീക്ഷിത മഴയില്‍ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടുണ്ടായ ഗതാഗത തടസ്സം യാത്രക്കാരെ വലച്ചു

അബുദാബി: സൗദി അറേബ്യക്കും കുവൈത്തിനും പിന്നാലെ യുഎഇയില്‍ കനത്ത മഴ. മഴ നാളെയും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

അപ്രതീക്ഷിത മഴയില്‍ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടുണ്ടായ ഗതാഗത തടസ്സം യാത്രക്കാരെ വലച്ചു. പല സ്‌കൂളുകളിലും ഹാജര്‍ നില വളരേ കുറവാണ്. വടക്കന്‍ മലയോര പ്രദേശങ്ങളായ അല്‍ജീര്‍, ഷാം, ഖോര്‍ ഖോര്‍ എന്നിവിടങ്ങളിലെ വാദികള്‍ നിറഞ്ഞൊഴുകി. തെക്കുകിഴക്കന്‍ പ്രദേശങ്ങളിലെ ഗ്രാമങ്ങളിലും തരക്കേടില്ലാത്ത മഴ ലഭിച്ചു. എന്നാല്‍, പ്രധാന നഗരപ്രദേശങ്ങളില്‍ തണുത്ത കാറ്റും ചാറ്റല്‍ മഴയുമാണ് കൂടുതലും അനുഭവപ്പെട്ടത്.

അസ്ഥിരമായ കാലാവസ്ഥ നാളെയും തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. പലയിടങ്ങളിലും ഗതാഗതക്കുരുക്കുമൂലം നീണ്ട വാഹനനിരകള്‍ രൂപപ്പെട്ടു. വടക്ക്, കിഴക്കന്‍ മേഖലകളില്‍ മഴ തുടരാന്‍ സാധ്യതയുണ്ട്. മറ്റു മേഖലകളില്‍ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായിരിക്കും. മഴയില്‍ ദൂരക്കാഴ്ച പരിധി കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലില്‍ തിരമാലകള്‍ നാലുമുതല്‍ ആറ് അടിവരെ ഉയരുമെന്നും കടലില്‍ കുളിക്കാന്‍ ഇറങ്ങരുതെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.

Exit mobile version