പ്രണയകാലത്ത് നല്‍കിയ സമ്മാനങ്ങള്‍ തിരികെ നല്‍കിയില്ല; മുന്‍കാമുകിയുടെയും ബന്ധുക്കളുടെയും കാറുകള്‍ രാസലായനി ഒഴിച്ച് നശിപ്പിച്ച് യുവാവിന്റെ പ്രതികാരം

സംഭവസ്ഥലത്ത് നിന്ന് ലഭിച്ച സിസിടിവിയില്‍ പ്രതിയുടെ മുഖം പകുതിയോളം കാണാന്‍ സാധിച്ചത് പണി എളുപ്പമാക്കി.

ദുബായ്: പ്രണയകാലത്ത് നല്‍കിയ സമ്മാനങ്ങള്‍ തിരികെ നല്‍കാത്തതതില്‍ പ്രതിഷേധിച്ച് മുന്‍കാമുകിയുടെയും അവരുടെ ബന്ധുക്കളുടെയും കാര്‍ നശിപ്പിച്ച് യുവാവിന്റെ വേറിട്ട പ്രതിഷേധം. ഒരു പ്രത്യേകതരം ലായനി ഉപയോഗിച്ചാണ് മൂന്ന് കാറുകള്‍ ഇയാള്‍ നശിപ്പിച്ചത്. ദുബായിയിലെ അല്‍ ഖൂസ് ഏരിയയിലായിരുന്നു സംഭവം.

വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകളില്‍ ആരോ രാസലായനി ഒഴിച്ച് കേടാക്കിയിരിക്കുകയാണെന്ന് കാണിച്ച് യുവതി ബര്‍ ദുബായ് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച സിസിടിവിയില്‍ പ്രതിയുടെ മുഖം പകുതിയോളം കാണാന്‍ സാധിച്ചത് പണി എളുപ്പമാക്കി.

ഹെല്‍മറ്റ് ധരിച്ച് മുഖം പാതി കാണുന്നരീതിയില്‍ മോട്ടോര്‍ ബൈക്കുകളിലെത്തിയ രണ്ടുപേര്‍ കാറുകള്‍ക്ക് മുകളില്‍ രാസലായനി ഒഴിക്കുന്നതായിരുന്നു ദൃശ്യങ്ങള്‍. ഇതിനു ശേഷം രണ്ടു പേരും മോട്ടോര്‍ സൈക്കിളില്‍ തന്നെ രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. മറ്റു രണ്ടു സുഹൃത്തുക്കളുടെ സഹായത്തോടെയാണ് താന്‍ കുറ്റകൃത്യം ചെയ്തതെന്ന് പ്രതി മൊഴി നല്‍കി.

Exit mobile version