മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗി വധം; അഞ്ചു പ്രതികള്‍ക്ക് വധശിക്ഷ; മൂന്നുപേര്‍ക്ക് 24 വര്‍ഷം തടവും

റിയാദ്: മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗി വധക്കേസില്‍ അഞ്ചു പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് സൗദി കോടതി. മൂന്നുപേര്‍ക്ക് 24 വര്‍ഷം തടവും വിധിച്ചു. സൗദി സര്‍ക്കാരിന്റെ രൂക്ഷ വിമര്‍ശകനായിരുന്ന ഖഷോഗി 2018 ഒക്ടോബര്‍ രണ്ടിനാണ് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ 11പേര്‍ അറസ്റ്റിലായിരുന്നു.

എന്നാല്‍ ഖഷോഗിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. മൃതദേഹം എന്തുചെയ്തുവെന്ന് വ്യക്തമല്ല. വിഷം കുത്തിവച്ച് കൊലപ്പെടുത്തിയെന്നും ശരീരം കഷണങ്ങളായി മുറിച്ച് കോണ്‍സുലേറ്റ് കെട്ടിടത്തിനു പുറത്തെത്തിക്കുകയായിരുന്നെന്നും സൗദി ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് തുര്‍ക്കി സ്വദേശിയായ ഏജന്റിന് കൈമാറുകയായിരുന്നുവെന്നാണ് നിഗമനം.

സൗദിയിലെ ‘അല്‍ വതന്‍’ ദിനപത്രത്തിന്റെ മുന്‍ എഡിറ്ററായിരുന്നു ഖഷോഗി. ഭരണകൂടത്തിന്റെ വിശ്വസ്തനെന്നു നേരത്തെ അറിയപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് രാജകുടുംബവുമായി തെറ്റി.

തുടര്‍ന്ന് യെമന്‍ യുദ്ധം, രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റ്, വിമര്‍ശകരെ അടിച്ചമര്‍ത്തുന്ന രീതി, വനിതാ പ്രവര്‍ത്തകരെ ജയിലില്‍ അടച്ചതിനെതിരെ പ്രതികരിച്ച കാനഡയോടു സ്വീകരിച്ച സമീപനം, ഖത്തര്‍ ഉപരോധം തുടങ്ങിയ വിഷയങ്ങളില്‍ സൗദിക്കെതിരെ ഖഷോഗി വിമര്‍ശനം നടത്തിയിരുന്നു.

Exit mobile version