പ്രധാനമന്ത്രി റിയാദിലെത്തി; ഇരു രാജ്യങ്ങളും സുപ്രധാന കരാറുകളില്‍ ഒപ്പുവെക്കും

റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്റെ നേതൃത്വത്തില്‍ പ്രൗഢഗംഭീരമായ വരവേല്‍പ്പാണ് പ്രധാനമന്ത്രിക്കും ഉന്നതതല സംഘത്തിനും വിമാനത്താവളത്തില്‍ ലഭിച്ചത്.

റിയാദ്: സൗദി സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി റിയാദില്‍ എത്തി. റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്റെ നേതൃത്വത്തില്‍ പ്രൗഢഗംഭീരമായ വരവേല്‍പ്പാണ് പ്രധാനമന്ത്രിക്കും ഉന്നതതല സംഘത്തിനും വിമാനത്താവളത്തില്‍ ലഭിച്ചത്.

അതേസമയം, സൗദി ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചയില്‍ ഊര്‍ജ്ജ മേഖലകളില്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കും. നിക്ഷേപ സഹകരണം, ഉഭയകക്ഷി ബന്ധം എന്നിവ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം.

പ്രാദേശികസമയം രാവിലെ 11.30ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും പ്രധാനമന്ത്രി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഊര്‍ജ്ജ മേഖലയില്‍ ഉള്‍പ്പെടെ പതിമൂന്നോളം തന്ത്രപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കും. സൗദി പങ്കാളിത്തത്തോടെ മഹാരാഷ്ട്രയില്‍ തുടങ്ങാനിരിക്കുന്ന ഓയില്‍ റിഫൈനറിയുടെ തുടര്‍ നടപടിക്കുള്ള കരാറിലും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ സൗദിയില്‍ തുടങ്ങാനുള്ള കരാറിലും മോഡി ഒപ്പുവെക്കും.

റുപേ കാര്‍ഡിന്റെ ഔദ്യോഗിക പ്രകാശനവും പ്രധാനമന്ത്രി മോഡി നിര്‍വഹിക്കും. പിന്നീട്, വൈകീട്ട് അഞ്ച് മണിക്ക് റിയാദില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് സംഗമത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. സൗദിയിലെ നിക്ഷേപ സാധ്യത പരിചയപ്പെടുത്തുന്ന ഉച്ചകോടിയില്‍ മുപ്പത് രാജ്യങ്ങളില്‍ നിന്നായി മുന്നൂറോളം വ്യവസായ പ്രമുഖരും ആറായിരം ചെറുകിട വന്‍കിട നിക്ഷേപകരും പങ്കെടുക്കും. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഒരുക്കുന്ന അത്താഴ വിരുന്നില്‍ സംബന്ധിച്ച ശേഷം സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് രാത്രി തന്നെ പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങും.

Exit mobile version