യുഎഇയില്‍ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥയെത്തുടര്‍ന്ന് അപകടകരമായ സ്ഥിതിവിശേഷമുണ്ടാവുകയാണെങ്കില്‍ സ്‌കൂളുകളില്‍ ക്ലാസ് നേരത്തെ വിടാനും
അവധി നല്‍കാനും യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കി.

ചൊവ്വാഴ്ച വരെ യുഎഇ യുടെ വിവിധ പ്രദേശങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മഴ ശക്തമാവുമ്പോള്‍ ഉണ്ടാവുന്ന പ്രകൃതി ക്ഷോഭം കണക്കിലെടുത്താണ് അറിയിപ്പ്. ഈ സമയത്ത് താഴ്വാരങ്ങളിലും റോഡുകളിലും വെള്ളം നിറഞ്ഞ് നില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ അപകട സാധ്യതയും ഏറെയാണ്. ഇതെല്ലാം കണക്കിലെടുത്ത് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സ്‌കൂളുകളിലെ അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാര്‍ക്കും നേരത്തെ വീടുകളിലേക്ക് പോകാന്‍ അനുമതി നല്‍കി.

കാലവര്‍ഷം ഗുരുതരമായി ബാധിക്കാന്‍ സധ്യതയുള്ള പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കാണ് ഇത്തരത്തില്‍ പ്രത്യേക അവധി അനുവദിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കൂള്‍ ഓപ്പറേഷന്‍സ് സെക്ടര്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഫൗസിയ ഗാരിബ് അറിയിച്ചു.

Exit mobile version