കനത്ത ചൂടിന് നേരിയ ശമനം; യുഎഇയിലെ മൂന്നുമാസത്തെ നിര്‍ബന്ധിത ഉച്ചവിശ്രമം അവസാനിച്ചു

നിയമം പാലിക്കേണ്ടതിന്റെ ഗൗരവം തൊഴിലുടമകളെ ബോധ്യപ്പെടുത്താന്‍ പരിപാടികളും സംഘടിപ്പിച്ചു.

ദുബായ്: കടുത്ത ചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് വേണ്ടി യുഎഇയില്‍ പ്രഖ്യാപിച്ച നിര്‍ബന്ധിത ഉച്ചവിശ്രമം ഞായറാഴ്ച അവസാനിച്ചു. മൂന്നു മാസത്തേയ്ക്കാണ് ഉച്ചവിശ്രമം പ്രഖ്യാപിച്ചത്. ഇപ്പോള്‍ കന്നത്ത ചൂടിന് ശമനം വന്നതോടെയാണ് അവസാനിച്ചത്.

കൊടുംചൂട് അനുഭവപ്പെടുന്ന ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ചയ്ക്ക് 12.30 നും മൂന്നുമണിക്കും ഇടയിലായിരുന്നു നിര്‍ബന്ധിത ഉച്ചവിശ്രമം ഏര്‍പ്പെടുത്തിയിരുന്നത്. ഉച്ചവിശ്രമം അവസാനിക്കാന്‍ നാളുകള്‍ ബാക്കിയിരിക്കേ അധികൃതര്‍ പരിശോധന ഊര്‍ജിതമാക്കിയിരുന്നു. നിയമലംഘനം നടത്തി തൊഴിലാളികളെ പണിയെടുപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദേശം ഉണ്ടായിരുന്നു.

സൂര്യതാപം ഏല്‍ക്കുന്നവിധം തുറന്നസ്ഥലങ്ങളില്‍ ജോലിചെയ്യുന്നത് മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം കര്‍ശനമായി വിലക്കിയിരുന്നു. നിയമം പാലിക്കേണ്ടതിന്റെ ഗൗരവം തൊഴിലുടമകളെ ബോധ്യപ്പെടുത്താന്‍ പരിപാടികളും സംഘടിപ്പിച്ചു. സെപ്റ്റംബര്‍ 15-ന് ഉച്ചവിശ്രമനിയമം ഔദ്യോഗികമായി അവസാനിക്കുമെങ്കിലും വേനല്‍ക്കാലം അവസാനിക്കുന്നതുവരെ തൊഴിലാളികളുടെ സുരക്ഷയ്ക്ക് ആവശ്യമായ മുന്‍കരുതലുകളെടുക്കാന്‍ പ്രത്യേകം നിര്‍ദേശമുണ്ട്.

ചൂടേറ്റ് തൊഴിലാളികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സുരക്ഷാസംവിധാനങ്ങള്‍ തുടരണമെന്നാണ് പ്രധാനമായും പറഞ്ഞിരിക്കുന്ന നിര്‍ദേശം. ചൂടില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ ഹെല്‍മെറ്റ് ധരിക്കണം. തണല്‍ ലഭിക്കുന്നതിനാവശ്യമായ വലിയ കുടകള്‍ ഉണ്ടായിരിക്കണമെന്നും എടുത്ത് പറയുന്നുണ്ട്. ഒപ്പം തൊഴിലാളികള്‍ക്ക് കുടിവെള്ളവും സുലഭമാക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

Exit mobile version