ബലിപെരുന്നാളിന് ദിവസങ്ങള്‍ മാത്രം; പ്രവാസികള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്കിലെ വര്‍ധനവ്

ഷാര്‍ജ: യുഎഇയില്‍ ബലിപെരുന്നാളിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിച്ചു. പ്രവാസികള്‍ കൂടുതലുള്ള ഇന്ത്യയിലേക്കും പാകിസ്താനിലേക്കുമുള്ള ടിക്കറ്റ് നിരക്കുകളാണ് കൂട്ടിയത്.

ആഗസ്റ്റ് 10 മുതല്‍ 13 വരെ നാല് ദിവസത്തെ അവധിയാണ് യുഎഇയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 8-നുള്ള ഷാര്‍ജ- ദില്ലി എയര്‍ അറേബ്യ വിമാനത്തിന് 2,608 ദിര്‍ഹ( 49,468.18 രൂപ)മാണ് ടിക്കറ്റ് നിരക്ക്. ഈ ദിവസം മുംബൈയിലേക്കുള്ള ടിക്കറ്റ് നിരക്ക് 2,993 ദിര്‍ഹ(56,770.80 രൂപ)മാണ്. കേരളത്തിലേക്കും സമാനമായ രീതിയില്‍ വന്‍തുകയാണ്.

സൗദി അറേബ്യ, യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഓഗസ്റ്റ് 11നായിരിക്കും ബലിപെരുന്നാള്‍. സൗദിയിലെ തുമൈര്‍ ഒബ്‌സര്‍വേറ്ററിലിയില്‍ വ്യാഴാഴ്ച മാസപ്പിറവി ദൃശ്യമായിരുന്നു. ഈ രാജ്യങ്ങളില്‍ ഓഗസ്റ്റ് രണ്ട് വെള്ളിയാഴ്ച ദുര്‍ഹജ്ജ് ഒന്നായി കണക്കാക്കും. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ ദിനം ഓഗസ്റ്റ് പത്തിനായിരിക്കും. തുടര്‍ന്ന് ഓഗസ്റ്റ് 11നായിരിക്കും ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബലി പെരുന്നാള്‍.

Exit mobile version