2019 തെരഞ്ഞെടുപ്പില്‍ ധോണിയും ഗംഭീറും ബിജെപി സ്ഥാനാര്‍ത്ഥികളായേക്കും

ദില്ലി: അടുത്ത ലോക്‌സഭ ഇലക്ഷനില്‍ ക്രിക്കറ്റ് താരങ്ങളായ എംഎസ് ധോണിയും ഗൗതം ഗംഭീറും ബിജെപി ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്ന് സൂചന. ധോണി ജാര്‍ഖണ്ഡില്‍ നിന്നും ഗംഭീര്‍ ന്യൂ ഡല്‍ഹിയില്‍ നിന്നുമാണ് മത്സരിക്കുക എന്ന് ഒരു പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഈ റിപ്പോര്‍ട്ട് പ്രകാരം മീനാക്ഷി ലേഖിക്ക് പകരമാകും ഗംഭീറിന് സീറ്റ് നല്‍കുക. മീനാക്ഷി ലേഖിയുടെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി സംതൃപ്തരല്ലെന്നും എന്നാല്‍ ഗംഭീറിന്റെ സാമൂഹ്യസേവനങ്ങള്‍ക്ക് മികച്ച ജനപിന്തുണയുണ്ടെന്നും ഡല്‍ഹി നിവാസികള്‍ക്കായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ മുന്‍ ഇന്ത്യന്‍ താരത്തിനാകുമെന്നും മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മുന്‍ ഇന്ത്യന്‍ നായകനായ ധോണിയുമായി ബിജെപി ചര്‍ച്ചകള്‍ നടത്തുന്നതായാണ് സൂചന.

എന്നാല്‍ ഇരു താരങ്ങളും ഇപ്പോഴും ക്രിക്കറ്റില്‍ സജീവമാണ്. ധോണി വിന്‍ഡീസിനെതിരായ പരമ്പരയില്‍ ഇന്ത്യക്കായി കളിക്കുന്നുണ്ട്. അതേസമയം 2016ന് ശേഷം ഇന്ത്യന്‍ ജഴ്‌സിയില്‍ കളിക്കാന്‍ അവസരം ലഭിക്കാത്ത ഗംഭീര്‍ അഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലാണ്.ഒപ്പം ഈ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ സാമൂഹ്യസേവന രംഗത്ത് ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ എന്ന എന്‍ജിഒയിലൂടെ ഇടപെടുന്നുണ്ട്.

Exit mobile version