സമീപകാലത്തെ കോടതി വിധികളില്‍ എത്ര ‘പക്ഷേ’കളാണ്

ബിജെപിയ്ക്കും ആര്‍എസ്എസിനും സംഘപരിവാറിനും വലിയ നേട്ടമുണ്ടാക്കുന്നതാണ് വിധികളെല്ലാം

ഇന്ത്യയുടെ പരമോന്നത നീതി പീഠത്തില്‍ നിന്ന് നിരവധി സുപ്രധാന വിഷയങ്ങളിലെ വിധികള്‍ പുറത്തു വന്ന ആഴ്ചയാണ് കടന്നു പോയത്. കര്‍ണാടകയിലെ കൂറുമാറ്റം, അയോദ്ധ്യ, റാഫേല്‍ വിമാന ഇടപാട്, ശബരിമല അങ്ങനെ നിരവധി അതിപ്രധാന വിഷയങ്ങളിലെ വിധികളാണ് പുറത്തുവന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം ഉള്‍പ്പെട്ട ബെഞ്ചുകള്‍ വാദം കേട്ട കേസുകള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് ഇതുണ്ടായത്.

ഈ വിധികള്‍ രാജ്യത്താകമാനം ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. വിധികളെല്ലാം പരിശോധിക്കുമ്പോള്‍ അതിനെല്ലാം ഒരു സമാനസ്വഭാവമുണ്ടെന്ന് കാണാം. രാജ്യം ഭരിക്കുന്ന ബിജെപിയ്ക്കും അവരുടെ സൈദ്ധാന്തിക അടിത്തറയായ ആര്‍എസ്എസിനും സംഘപരിവാറിനും വലിയ നേട്ടമുണ്ടാക്കുന്നതാണ് വിധികളെല്ലാം തന്നെ. അതില്‍ പലതിനും ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ക്കും നിയമ പ്രശ്‌നങ്ങള്‍ക്കുമൊന്നും തൃപ്തികരമയതോ യുക്തിസഹമായതോ ആയ വിശദീകരണമൊന്നും ലഭിച്ചിട്ടുമില്ല.

അതിലേറ്റവും പ്രധാനം അയോദ്ധ്യാ കേസ് തന്നെയാണ്. അയോദ്ധ്യയില്‍ പള്ളി തകര്‍ത്ത സ്ഥലത്ത് ക്ഷേത്രം പണിയുമെന്ന സംഘപരിവാര്‍ മുദ്രാവാക്യം യാഥാര്‍ത്ഥ്യമാക്കാനുള്ള കളമാണ് കോടതി വിധിയിലൂടെ ഒരുങ്ങിയത്. ഇതേ വിധിയില്‍ കോടതി പറയുന്ന കാര്യമാണ് പള്ളി തകര്‍ത്ത സംഭവം വലിയ തെറ്റാണ് എന്നത്. പള്ളിയാണ് അവിടെ നിലവിലുണ്ടായിരുന്നത് എന്നും അത് തകര്‍ത്ത നടപടി ഒരിക്കലും ഒരു മതേതര രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും വിലയിരുത്തിയ കോടതിയാണ് പക്ഷേ ആ സ്ഥലത്ത് ക്ഷേത്രം പണിയണമെന്ന് ഉത്തരവിട്ടത്. പള്ളി നിര്‍മിച്ചത് മറ്റേതോ നിര്‍മിതിക്കു മുകളിലാണെന്നാണ് സൂചനയെങ്കിലും അത് ക്ഷേത്രമായിരുന്നോ മറ്റെന്തെങ്കിലുമായിരുന്നോ എന്നതിന് ഉറപ്പൊന്നുമില്ല. എന്തായാലും ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുന്ന സമയത്തും അതിനു ശേഷവുമൊക്കെ അവിടെ ഉണ്ടായിരുന്നത് പള്ളിയായിരുന്നുവെന്ന കാര്യത്തില്‍ കോടതിക്കും തര്‍ക്കമൊന്നുമില്ല. അവിടെയാണ് അയോദ്ധ്യാ കേസ് വിധിയിലെ ‘പക്ഷേ’ കടന്നു വരുന്നത്.

പള്ളി പണിയാന്‍ അഞ്ചേക്കര്‍ സ്ഥലം അനുവദിക്കാനും കോടതി വിധിച്ചിട്ടുണ്ട്. ഇവിടെ മുന്‍ ചീഫ് ജസ്റ്റിസ് എകെ ഗാംഗുലിയുടെ ചോദ്യം വളരെയേറെ പ്രസക്തമാണ്. പള്ളിയല്ല ക്ഷേത്രമാണ് അവിടെ പണിയേണ്ടെങ്കില്‍, പള്ളിക്ക് അവിടെ നിലനില്‍ക്കാന്‍ അര്‍ഹതയില്ലെങ്കില്‍ പിന്നെന്തിനാണ് വേറൊരു അഞ്ചേക്കര്‍ സ്ഥലം പള്ളിക്ക് നല്‍കുന്നത്. ഈ വിധിയില്‍ സുപ്രീം കോടതി ഉപയോഗിച്ച ‘പക്ഷേ’ ആര്‍ക്ക് ഗുണകരമാണെന്നതില്‍ ഒരു തര്‍ക്കത്തിനും സ്ഥാനമില്ല.

കര്‍ണാടകയിലെ കൂറുമാറ്റക്കേസിലും ഇതേ ‘പക്ഷേ’ കാണാം. കൂറുമാറിയവരെ അയോഗ്യരായി പ്രഖ്യാപിച്ച നിയമസഭാ സ്പീക്കറുടെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കൂറുമാറ്റക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. അയോഗ്യരാക്കിയാല്‍ പിന്നെ നിലവിലുള്ള സഭയുടെ കാലാവധി തീരുന്നതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നാണ് ചട്ടം. കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നുമൊക്കെ കൂറുമാറി ബിജെപിയിലേക്ക് എത്തിയവര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു ഇത്. ബിജെപിയില്‍ നിന്ന് കിട്ടുന്നതെല്ലാം വാങ്ങുക, കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ പെടാതെ രാജിവെച്ച് ബിജെപി ടിക്കറ്റില്‍ മത്സരിച്ച് വീണ്ടും സഭയിലെത്തുക, മന്ത്രിസ്ഥാനം അടക്കം നേരത്തെ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥാനമാനങ്ങള്‍ കൈപ്പറ്റുക എന്ന പദ്ധതിയാണ് സ്പീക്കറുടെ നടപടിയിലൂടെ പാളിയത്.

നിയമപരമായി ഈ വിഷയം പരിശോധിച്ച സുപ്രീം കോടതി എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരിവെക്കുകയാണ് ചെയ്തത്. എന്നാല്‍ ആ വിധിയിലും കോടതി ഒരു ‘പക്ഷേ’ കൊണ്ടുവന്നു. അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരിയാണ്, പക്ഷേ അയോഗ്യര്‍ക്ക് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാം എന്നാണ് കോടതി ഉത്തരവിട്ടത്. അതായത് അയോഗ്യരാക്കിയതു കൊണ്ട് ആ എംഎല്‍എമാര്‍ക്കുണ്ടായിരുന്ന പ്രശ്‌നം എന്തായിരുന്നോ അത് സുപ്രീം കോടതി വിധിയിലൂടെ നീക്കിക്കിട്ടി. പക്ഷേ അവര്‍ അയോഗ്യരാണു താനും. ഈ വിധിയിലെ ‘പക്ഷേ’ ഇന്ത്യന്‍ ജനാധിപത്യത്തോട് ചെയ്തതെന്താണെന്ന് കര്‍ണാടക പറഞ്ഞു തരും. സുപ്രീം കോടതി വിധി വന്നതിനു പിറകെ കൂറുമാറ്റക്കാരെ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാക്കി ബിജെപി അവരുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രസിദ്ധീകരിച്ചു.

റാഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം വേണ്ടെന്ന സുപ്രീം കോടതി വിധിയിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു പുനഃപരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടത്. റാഫേല്‍ വിമാന ഇടപാട് സിഎജി പരിശോധിച്ചുവെന്നും സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ചുവെന്നും സുപ്രീം കോടതി വിധിയിലുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു സിഎജി റിപ്പോര്‍ട്ടേ ഇല്ല. ഇല്ലാത്ത റിപ്പോര്‍ട്ടിന്റെ കാര്യം എങ്ങനെ കോടതി വിധിയില്‍ വന്നുവെന്നും ആരാണ് കോടതിയെ തെറ്റിദ്ധരിപ്പിച്ചതെന്നുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉന്നയിച്ചായിരുന്നു പുനഃപരിശോധനാ ഹര്‍ജികള്‍. എന്നാല്‍ ഇതിനൊന്നും കൃത്യമായ വിശദീകരണമില്ലാതെ ഹര്‍ജികള്‍ തള്ളി. അങ്ങനെയൊരു റിപ്പോര്‍ട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയുണ്ടോ, കോടതി വിധിയില്‍ അതിനെക്കുറിച്ചുള്ള പരാമര്‍ശം നിലനില്‍ക്കുമോ എന്നൊന്നും അറിയില്ല. പക്ഷേ റാഫേല്‍ ഇടപാടില്‍ അന്വേഷണമുണ്ടാവില്ല.

ശബരിമല കേസിലാണെങ്കില്‍ വിധി ഇപ്പോഴും ആര്‍ക്കും കൃത്യമായി മനസ്സിലായിട്ടില്ല. പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുമെന്ന മട്ടില്‍ ഒരു വിഭാഗം തുടക്കം മുതല്‍ പ്രചരിപ്പിച്ചു. എന്നാല്‍ അതിന് തീരുമാനിച്ചിട്ടില്ലെന്ന് പിന്നീട് വ്യക്തമായി. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കുന്നതിന് അടിസ്ഥാനമായ പ്രശ്‌നങ്ങള്‍ പരിശോധിക്കുന്ന ചുമതലയാണ് ഏഴംഗ ബെഞ്ചിന് വിടുന്നത്. യഥാര്‍ത്ഥത്തില്‍ ഇപ്പോഴുള്ള ബഞ്ച് അക്കാര്യം പരിശോധിച്ചാലും മുന്നില്‍ വരുന്ന വിഷയങ്ങളാണ് ഇതൊക്കെ. അല്ലെങ്കില്‍ ഒറ്റ നോട്ടത്തില്‍ തന്നെ പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളാന്‍ തീരുമാനിക്കണം. ശബരിമല യുവതീപ്രവേശന വിധി സുപ്രീം കോടതി ബെഞ്ച് ഏകകണ്ഠമായി പ്രഖ്യാപിച്ചതല്ല എന്നതുകൊണ്ട് അതിന് സാദ്ധ്യത സ്വാഭാവികമായും കുറവായിരുന്നു. അതായത് വിരമിക്കാന്‍ പോവുന്ന ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബഞ്ചിനു മുന്നിലുണ്ടായിരുന്ന പ്രശ്‌നം മറ്റൊരു ബെഞ്ചിന് കൈമാറുകയാണ് ഇപ്പോള്‍ ചെയ്തത്. അങ്ങനെയൊരു സ്വാഭാവിക പ്രക്രിയയ്ക്ക് ഏഴംഗ ബെഞ്ചെന്നും ഏഴ് വിഷയങ്ങളെന്നുമൊക്കെപ്പറഞ്ഞ് ഒരു അതി സങ്കീര്‍ണ പരിവേഷം നല്‍കി. അങ്ങനെ നല്‍കിയതു കൊണ്ടാണ് ഇപ്പോള്‍ സംഘപരിവാര്‍ ഭാഗത്തു നില്‍ക്കുന്നവര്‍ക്ക് വലിയ വിജയമെന്ന പ്രതീതിയുണ്ടാക്കി പ്രചാരണം നടത്താന്‍ കഴിയുന്നത്. അതിനുള്ള അവസരമാണ് ഈ വിധിയിലൂടെ ഉണ്ടായത്.

കഴിഞ്ഞ കാര്യങ്ങളൊന്നും എളുപ്പത്തില്‍ മറക്കാത്തവര്‍ക്ക് സുപ്രീം കോടതിയിലെ ഒരു മുന്‍ ചീഫ് ജസ്റ്റിസ് വിരമിച്ചു കഴിഞ്ഞ ഉടന്‍ കേരളത്തിന്റെ ഗവര്‍ണറായി വന്ന സംഭവവും അത്ര പെട്ടെന്ന് മറക്കാനാവില്ല. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പോലെയുള്ള ഉന്നത സ്ഥാനത്തിരുന്നവര്‍ക്ക് ഇതുപോലെ സര്‍ക്കാര്‍ ഔദാര്യത്തില്‍ ലഭിക്കുന്ന സ്ഥാനമാനങ്ങള്‍ നല്‍കുന്നതിനും അവര്‍ അത് സ്വാകരിക്കുന്നതിനും ഒക്കെ എതിരെ അന്നു തന്നെ പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഒക്കെ ഉയര്‍ന്നു വന്നിരുന്നു. പറഞ്ഞു വന്നത് ഇന്ത്യയുടെ നീതി പീഠം സംശയങ്ങള്‍ക്കതീതമായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ്. അങ്ങനെയായിരിക്കേണ്ടത് സംശയിക്കുന്നവര്‍ക്കെതിരെ ഉത്തരവുകള്‍ പുറപ്പെടുവിച്ചും കോടതിയുത്തരവുകള്‍ക്കെതിരെയുള്ള പ്രതികരണങ്ങള്‍ നിരോധിച്ചുമൊന്നുമല്ല. സംശയകരമായ സാഹചര്യങ്ങള്‍ ഒഴിവാക്കിക്കൊണ്ടാണ്. അല്ലെങ്കില്‍ രാജാവു നഗ്നനാണെന്ന് രാജ്യത്തെ വികൃതിക്കുട്ടികള്‍ക്ക് തോന്നിക്കൊണ്ടേയിരിക്കും. അങ്ങനെ സംശയിക്കുന്ന കുട്ടികളെയൊക്കെ നമുക്ക് തൂക്കിക്കൊല്ലാന്‍ പറ്റുമോ.

Exit mobile version