ഹിന്ദുത്വ ഭീകരവാദം കുറ്റമല്ലാതായി മാറുന്ന രാജ്യം

ഹിന്ദുത്വ ഭീകരര്‍ക്ക് അനുകൂലമായി മാറുന്ന തരത്തില്‍ ഇന്ത്യന്‍ വ്യവസ്ഥ രൂപപ്പെട്ടു കൊണ്ടിരിക്കുന്നു

രാജസ്ഥാനില്‍ പശുക്കടത്തിന്റെ പേരില്‍ ജനക്കൂട്ടം അടിച്ചു കൊന്ന പെഹ് ലു ഖാന് മരണാനന്തരമെങ്കിലും നീതി ലഭ്യമാക്കുന്നതില്‍ ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ പരാജയപ്പെട്ടിരിക്കുന്നു. കേസിലെ ആറ് പ്രതികളെയും സംശയത്തിന്റെ ആനുകൂല്യം നല്‍കി വിചാരണ കോടതി വെറുതെ വിട്ടു. പെഹ് ലു ഖാന്‍ മരിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്. സ്വന്തം ഫാമിലേക്ക് പശുക്കളെ കൊണ്ടുപോയ പെഹ് ലു ഖാനെയും മക്കളെയും സംഘപരിവാര്‍ ഗോ സംരക്ഷകര്‍ മര്‍ദ്ദിച്ചതിന്റെ വീഡിയോ ലോകം മുഴുവന്‍ കണ്ടതുമാണ്. പക്ഷേ തെളിവ് പോര എന്നാണ് നമ്മുടെ നീതിന്യായ സംവിധാനം പറയുന്നത്. മാത്രമല്ല, സഭവം ഉണ്ടായ സമയത്ത് പ്രതികളുടെയും ഇരകളുടെയുമൊക്കെ മൊഴി രേഖപ്പെടുത്തുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയിട്ടുണ്ടെന്നും മരണ കാരണം സംബന്ധിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഡോക്ടര്‍മാരുടെ മൊഴിയിലും വൈരുദ്ധ്യമുണ്ടെന്നും കോടതി പറയുന്നു.

പൊലീസും ഡോക്ടര്‍മാരുമൊക്കെ മരണവും കൊലപാതകവും ഉള്‍പ്പെടെയുള്ള കേസുകളില്‍ എങ്ങനെയൊക്കെ ഇടപെടുമെന്ന് കേരളവും ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുകയാണല്ലോ. ഇത്രമാത്രം വിദ്യാസമ്പരെന്നഭിമാനിക്കുന്ന സമൂഹവും ജാഗ്രത പുലര്‍ത്തുന്ന മാധ്യമങ്ങളുമൊക്കെ ഉണ്ടായിട്ടും പരസ്യമായി അതു നടന്നുവെങ്കില്‍ രാജസ്ഥാന്‍ പോലെ ഹിന്ദുത്വ രാഷ്ട്രീയത്തിന് വലിയ വളക്കൂറും വേരുകളുമുള്ള രാജസ്ഥാനില്‍ അങ്ങനെയൊരു കേസില്‍ അത് എത്രമാത്രം നടന്നിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. കൊലയാളികളെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് സംഭവത്തിന് ശേഷം 6 മാസം പിന്നിട്ടപ്പോള്‍ സന്നദ്ധ സംഘടനകള്‍ നടത്തിയ സ്വതന്ത്ര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അമേരിക്ക, ബ്രിട്ടന്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 8 മുസ്ലീം – ദളിത് സന്നദ്ധ സംഘടനകള്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ആദ്യ റിപ്പോര്‍ട്ടിലെ ഡോക്ടര്‍മാരുടെ മൊഴി തിരുത്തിയാണ് രണ്ടാമത് വൈരുദ്ധ്യമുള്ള മൊഴി ഉണ്ടാക്കിയതെന്നും, ആര്‍എസ്എസ് അംഗവും കേന്ദ്രമന്ത്രിയുമായ മഹേഷ് ശര്‍മയുടെ ഉടമസ്ഥതയിലുള്ളതാണ് ആ ആശുപത്രിയെന്നും റിപ്പോര്‍ട്ടിലുണ്ട്. പെഹ് ലു ഖാന്റെ അന്ത്യമൊഴിയില്‍ പറഞ്ഞിട്ടുള്ള പ്രതികളെല്ലാവരും വിഎച്ച്പിയും ബ്ജ്‌റംഗ്ദളുമായി ബന്ധമുള്ളവരാണ്. ഇതൊന്നും കോടതിക്ക് വിഷയമായതുമില്ല.

അങ്ങനെ ഒരു ആള്‍ക്കൂട്ട കൊലപാതകക്കേസില്‍ അന്വേഷണ ഏജന്‍സികളുടെയും ജുഡീഷ്യറിയുടെയുമൊക്കെ മാനസികനില ഹിന്ദുത്വ ഭീകരര്‍ക്ക് അനുകൂലമായി മാറുന്ന തരത്തില്‍ ഇന്ത്യന്‍ വ്യവസ്ഥ രൂപപ്പെട്ടു കൊണ്ടിരിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പെഹ് ലു ഖാന്‍ കേസ്. പെഹ് ലു ഖാന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കുടുബാംഗങ്ങള്‍ സമരത്തിലാണ്. മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഇപ്പോള്‍ രാജസ്ഥാനില്‍ അധികാരത്തിലിരിക്കുന്ന അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി ആ അപ്പീലില്‍ മേല്‍പറഞ്ഞ വിഷയങ്ങളെല്ലാം ഉയര്‍ത്തിക്കാട്ടി പെഹ് ലു ഖാന് നീതി നേടിക്കൊടുക്കാനാവുമോ എന്നതാണ് അടുത്ത വിഷയം. ഇക്കാര്യത്തില്‍ പക്ഷേ കോണ്‍ഗ്രസിന്റെ ട്രാക്ക് റെക്കോര്‍ഡ് അത്ര നല്ലതൊന്നുമല്ല. രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിന് തൊട്ടു പിറകെയാണ് പശുക്കടത്തിന് പെഹ് ലു ഖാനും മക്കള്‍ക്കുമെതിരെ പൊലീസ് കുറ്റപത്രം ഫയല്‍ ചെയ്തത്. അതായത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആയുധങ്ങളായി മാറിക്കഴിഞ്ഞ സംവിധാനങ്ങള്‍ക്ക് കോണ്‍ഗ്രസ് ഭരണത്തിന് കീഴിലും നല്ല സുരക്ഷിതത്വ ബോധമുണ്ടെന്നര്‍ത്ഥം.

പെഹ് ലു ഖാന്‍ കേസിലെ പ്രതികളെ വെറുതെവിട്ട വാര്‍ത്ത വന്നതിനൊപ്പം തന്നെയാണ് ഉത്തര്‍പ്രദേശില്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തി വര്‍ഗീയ കലാപങ്ങളുണ്ടാക്കിയതിന് ബിജെപി എംഎല്‍എ സംഗീത് സോമിനെതിരെ എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ആരംഭിച്ച വാര്‍ത്തയും വന്നത്. 2013നും 2017നും ഇടയ്ക്കുണ്ടായ മുസഫര്‍നഗര്‍ കലാപം അടക്കം സംഗീത് സോം പ്രതിയായ 7 കേസുകളാണ് യോഗി സര്‍ക്കാര്‍ പിന്‍വലിക്കുന്നത്. ഇതുള്‍പ്പെടെ ഹിന്ദുത്വ വര്‍ഗീയവാദികളായ നിരവധി പേര്‍ പ്രതികളായ 74 കലാപക്കേസുകള്‍ പിന്‍വലിക്കാനാണ് യോഗി സര്‍ക്കാര്‍ നടപടികളാരംഭിച്ചത്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ദ ഹിന്ദു അടക്കം ചില ദേശീയ മാധ്യമങ്ങളില്‍ ഒരു വാര്‍ത്ത വന്നിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുമ്പില്ലാത്ത വിധം വര്‍ഗീയ സ്വഭാവമുള്ള ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ചിലതൊക്കെ ചെറിയ കലാപങ്ങളാവുന്നു. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി ബിജെപിയ്ക്ക് അധികാരം പിടിക്കാന്‍ സംഘപരിവാര്‍ തയ്യാറാക്കിയ പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായിരുന്നു അത്. അതിലവര്‍ വിജയിക്കുകയും അധികാരം പിടിക്കുകയും ചെയ്തു. അങ്ങനെ പിടിച്ചെടുത്ത അധികാരമുപയോഗിച്ച് ഇപ്പോള്‍ ആ കേസുകള്‍ മായ്ച്ചു കളയുയാണ്. അതുതന്നെയായിരുന്നു അവരുടെ പദ്ധതിയും.

അങ്ങനെ രാജസ്ഥാനിലും ഉത്തര്‍പ്രദേശിലുമൊക്കെ ഹിന്ദുത്വ വര്‍ഗീയതയും അവര്‍ നടത്തിയ ഭീകരപ്രവര്‍ത്തനങ്ങളും കുറ്റമല്ലാതെ മാറുകയാണ്. അടുത്തതായി ബിജെപി ലക്ഷ്യമിടുന്ന സംസ്ഥാനം പശ്ചിമ ബംഗാളാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പള്ളിയിലെ നമസ്‌കാര സമയത്ത് റോഡുകള്‍ തടസ്സപ്പെടുന്നു, മമതാ ബാനര്‍ജിയുടെ മുസ്ലീ പ്രീണനം മൂലം ഇതിനെതിരെ ഒരു നടപടിയുമില്ല എന്നെല്ലാമാരോപിച്ച്‌ ഒരു ഹിന്ദു ആചാരം നടറോഡില്‍ നടത്തി കൊല്‍ക്കത്തയിലെയും ഹൗറയിലെയും ഗതാഗതം തടസ്സപ്പെടുത്തിയ യുവമോര്‍ച്ചയുടെ പരിപാടി കഴിഞ്ഞിട്ട് അധികം ദിവസമായിട്ടില്ല. അതിനു പിറകെയാണ് സൊമാറ്റോ ഭക്ഷ്യ വിതരണ ശൃഖലയിലെ ഹൗറ മേഖലയിലെ ജീവനക്കാര്‍ ബീഫും പോര്‍ക്കും വിതരണം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു എന്നാരോപിച്ച് സമരം തുടങ്ങിയത്. പുുതുതായി ശൃംഖലയില്‍ ചേര്‍ന്ന ചില ഹോട്ടലുകള്‍ ബീഫും പോര്‍ക്കും വിതരണം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുവെന്നും ഇത് ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നുമാണ് സമരക്കാര്‍ പറയുന്നത്.

എന്നാല്‍ ഈ ഹോട്ടലുകള്‍ ശൃംഖലയില്‍ ചേര്‍ത്തതു മുതല്‍ ഈ സമരം ആരംഭിച്ചതു വരെ ആ മേഖലയിലെ ഉപഭോക്താക്കളാരും ബീഫും പോര്‍ക്കും ഓര്‍ഡര്‍ ചെയ്യുകയോ വിതരണം ചെയ്യുകയോ ഉണ്ടായിട്ടില്ലെന്ന് ഓണ്‍ലൈന്‍ ബുക്കിങ്ങ് രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ബിജെപിയുടെ ഉത്തര ഹൗറ മണ്ഡലം പ്രസിഡന്റായ പ്രാദേശിക നേതാവിന്റെ പിന്തുണയോടെയാണ് ജീവനക്കാര്‍ സമരം തുടങ്ങിയത്. അതായത് കാര്യങ്ങള്‍ വളരെ വ്യക്തമാണ്. ഭക്ഷണത്തിന് മതമില്ലെന്ന നിലപാടെടുത്ത് ശ്രദ്ധേയമായ കമ്പനിക്കെതിരെ വര്‍ഗീയ വികാരം ഇളക്കിവിടാന്‍ ലക്ഷ്യമിട്ട കള്ളക്കഥയിറക്കി ബിജെപി തുടങ്ങിയ സമരമാണത്. വേദി പശ്ചിമബംഗാളായതും യാദൃച്ഛികമല്ല. നിയമസഭാ തെരഞ്ഞെടുപ്പു വരെ പശ്ചിമ ബംഗാളിന്റെ മുക്കിലു മൂലയിലും ഇനി വര്‍ഗീയ സ്വഭാവമുള്ള പ്രശ്‌നങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ബിജെപി അധികാരത്തിലെത്തിയാല്‍ ഹിന്ദുത്വ വര്‍ഗീയവാദികള്‍ പ്രതികളായ കേസുകള്‍ പിന്‍വലിക്കുകയോ അതില്‍ നിന്ന് രക്ഷപ്പെടുത്തിക്കൊടുക്കുകയോ ചെയ്യും. ഒരു ഗെയിംപ്ലാനാണത്. ശബരിമലയൊന്നും ശബരിമലയ്ക്ക് വേണ്ടി ഉണ്ടായതായിരുന്നില്ലല്ലോ.

Exit mobile version