നഗരത്തില്‍ നിലനിന്നിരുനന സൂചിപ്പേടിയ്ക്ക് ഒടുവില്‍ വിരാമം; സ്‌ട്രോബറി ഉള്‍പ്പടെയുള്ള പഴവര്‍ഗങ്ങളില്‍ തയ്യല്‍ സൂചി ഒളിപ്പിക്കുന്ന സ്ത്രീ അറസ്റ്റില്‍

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പ്ലാസ്റ്റിക് ബോക്സുകളില്‍ വിറ്റഴിക്കപ്പെട്ട പഴങ്ങളില്‍ നിന്നുമാണ് സൂചികണ്ടെത്തിയത്.

ക്വീന്‍സ്ലാന്റ്: ഓസ്‌ട്രേലിയയില്‍ കാലങ്ങളായി നിറഞ്ഞു നിന്നിരുന്ന സൂചിപ്പേടിയ്ക്ക് ഒടുവില്‍ വിരാമം. പഴങ്ങളില്‍ തയ്യല്‍ സൂചി ഒളിപ്പിക്കുന്ന സംഭവത്തില്‍ 50കാരി അറസ്റ്റിലായി. സെപ്തംബര്‍ മുതലാണ് നഗരത്തില്‍ സൂചിപ്പേടി ഉണ്ടായിരുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പ്ലാസ്റ്റിക് ബോക്സുകളില്‍ വിറ്റഴിക്കപ്പെട്ട പഴങ്ങളില്‍ നിന്നുമാണ് സൂചികണ്ടെത്തിയത്.

ഇതില്‍ ഭൂരിഭാഗവും സ്ട്രോബറികളായിരുന്നു. സ്‌ട്രോബെറിക്ക് പുറമെ ആപ്പിള്‍, മാമ്പഴം തുടങ്ങിയ പഴവര്‍ഗ്ഗങ്ങളില്‍ നിന്നും തയ്യല്‍ സൂചികള്‍ കണ്ടെത്തിയിരുന്നു. സ്ട്രോബറി കഴിച്ച ഒരാള്‍ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലായി. സമാനമായ 100 ല്‍ അധികം സംഭവങ്ങള്‍ ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഓസ്ട്രേലിയയുടെ ആറു സംസ്ഥാനങ്ങളില്‍ നിന്നും സൂചികള്‍ അടങ്ങിയ സ്‌ട്രോബറി കണ്ടെത്തി.

ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് സ്ട്രോബറി വില്‍പ്പന പൂര്‍ണമായും നിര്‍ത്തിവച്ചു. സംഭവം അന്വേഷിക്കാന്‍ പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ തന്നെ നിയോഗിച്ചിരുന്നു. ഇതിനിടെ ക്വീന്‍സ്ലാന്റ് പോലീസ് ഇവരെ അറസ്റ്റുചെയ്യുകയായിരുന്നു. പഴവര്‍ഗങ്ങളില്‍ സൂചി നിക്ഷേപിക്കാന്‍ ഇവരെ പ്രേരിപ്പിച്ചതെന്താണെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ഇവരെ തിങ്കളാഴ്ച ബ്രിസ്ബൈന്‍ മജിസ്ട്രേറ്‌സ് കോടതിയില്‍ ഹാജരാക്കും.

Exit mobile version