നിയന്ത്രണങ്ങള്‍ നീക്കണം, അദ്ദേഹത്തിന് വീട്ടിലെ ഭക്ഷണമെത്തിക്കണം; നവാസ് ഷെരീഫിന് വേണ്ടി നിരാഹര ഭീഷണിയുമായി മകള്‍

കോടതിയില്‍ നിന്നും അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ താന്‍ ജയിലിന് മുന്നില്‍ കുത്തിയിരിക്കുമെന്നും വേണ്ടി വന്നാല്‍ നിരാഹാരസമരം ആരംഭിക്കുമെന്നും മറിയം കൂട്ടിച്ചേര്‍ത്തു.

ഇസ്ലാമാബാദ്: ജയിലില്‍ കഴിയുന്ന പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് വീട്ടിലെ ഭക്ഷണമെത്തിക്കണമെന്ന ആവശ്യവുമായി മകള്‍ മറിയം നവാസ്. 12 മണിക്കൂറിനുള്ളില്‍ നിയന്ത്രണങ്ങള്‍ നീക്കണമെന്നും രോഗാതുരനായ പിതാവിന് വീട്ടിലുണ്ടാക്കിയ ഭക്ഷണം എത്തിക്കാന്‍ സൗകര്യം ഒരുക്കണമെന്നുമാണ് മറിയത്തിന്റെ ആവശ്യം. ട്വിറ്ററിലൂടെയായിരുന്നു ആവശ്യം ഉന്നയിച്ചത്.

ആവശ്യം നിരസിച്ചാല്‍ നിരാഹാരം അടക്കമുള്ള നടപടികളുമായി മുന്‍പോട്ട് പോകുമെന്നും പാകിസ്താന്‍ മുസ്ലീം ലീഗ് (നവാസ്) വൈസ് പ്രസിഡന്റ് കൂടിയായ മറിയം മുന്നറിയിപ്പ് നല്‍കി. നവാസ് ഷരീഫിന് വീട്ടിലെ ഭക്ഷണമെത്തിക്കാന്‍ ഇപ്പോഴത്തെ വ്യാജ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അദ്ദേഹത്തിന് ഭക്ഷണവുമായെത്തുന്ന ആളുകള്‍ മണിക്കൂറുകളോളമാണ് ജയിലിന് മുന്നില്‍ കാത്തു നില്‍ക്കുന്നത്. ജയിലിലെ ഭക്ഷണം കഴിക്കാന്‍ അദ്ദേഹം കൂട്ടാക്കുന്നുമില്ല. അടുത്ത 24 മണിക്കൂറിനുള്ളില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചെങ്കില്‍ കോടതിയെ സമീപിക്കും. ട്വിറ്ററില്‍ മറിയം കുറിച്ചു.

കോടതിയില്‍ നിന്നും അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ താന്‍ ജയിലിന് മുന്നില്‍ കുത്തിയിരിക്കുമെന്നും വേണ്ടി വന്നാല്‍ നിരാഹാരസമരം ആരംഭിക്കുമെന്നും മറിയം കൂട്ടിച്ചേര്‍ത്തു. അഴിമതിക്കേസില്‍ ഏഴ് വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട നവാസ് കഴിഞ്ഞ ഡിസംബര്‍ മുതല്‍ ജയിലിലാണ്. കോട് ലഖ്പത് ജയിലിലാണ് 69 കാരനായ നവാസിനെ പാര്‍പ്പിച്ചിരിക്കുന്നത്.

Exit mobile version