കറുത്ത വസ്ത്രമണിഞ്ഞ് പ്രക്ഷോഭകര്‍ നടുറോഡില്‍; പാഞ്ഞു വന്ന ആംബുലന്‍സിന് അച്ചടക്കത്തോടെ വഴിയൊരുക്കി! സമൂഹമാധ്യമങ്ങളില്‍ തരംഗമായി വീഡിയോ

പ്രക്ഷോഭകര്‍ നടുറോഡ് ഉപരോധിച്ചതോടെ ഗതാഗതം നിലച്ചു

ഹോങ്കോങ്: വിവാദമായ കുറ്റവാളി കൈമാറ്റ ബില്‍ പിന്‍വലിക്കണമെന്നും ഭരണാധികാരിയായ കാരി ലാം രാജി വെയ്ക്കണമെന്നുമാവശ്യപ്പെട്ട് ഹോങ്കോങില്‍ നടുറോഡില്‍ പ്രക്ഷോഭത്തിന് ഇറങ്ങിയത് ഇരുപത് ലക്ഷം പേര്‍. കറുത്ത വസ്ത്രം ധരിച്ച് പ്രക്ഷോഭകര്‍ എത്തിയതോടെ നടുറോഡ് അക്ഷരാര്‍ത്ഥത്തില്‍ കരിങ്കടല്‍ ആയി മാറുകയായിരുന്നു.

പ്രക്ഷോഭകര്‍ നടുറോഡ് ഉപരോധിച്ചതോടെ ഗതാഗതം നിലച്ചു. അവശ്യസര്‍വീസുകളെല്ലാം തന്നെ നിലച്ചു. എന്നാല്‍ അതിനിടയിലാണ് രോഗിയെയും കൊണ്ട് ഒരു ആംബുലന്‍സ് ചീറി പാഞ്ഞ് വന്നത്. എങ്ങനെ വഴി കൊടുക്കുമെന്ന് ചിന്തിക്കുന്നതിനു മുമ്പേ വാഹനം മുമ്പോട്ട് പോകുന്ന കാഴ്ചയാണ് കണ്ടത്. പ്രക്ഷോഭകര്‍ അച്ചടക്കത്തോടെ നിമിഷ നേരം കൊണ്ടാണ് വഴി നല്‍കിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. ഞായറാഴ്ചയാണ് കരിങ്കടലായി മാറിയ പ്രക്ഷോഭം ഉണ്ടായത്.

ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും വന്‍തോതിലാണ് പ്രചരിക്കുന്നത്. സമയോചിതമായി പ്രവര്‍ത്തിച്ച പ്രതിഷേധക്കാരെ പ്രശംസ കൊണ്ട് മൂടുകയാണ് ഇപ്പോള്‍ സൈബര്‍ ലോകം. പല തരത്തിലുള്ള അടിക്കുറിപ്പുകളോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ബ്രിട്ടണ്‍ 1997 ലാണ് ഹോങ്കോങ് ചൈനയ്ക്ക് കൈമാറുന്നത്. സുതാര്യവും സ്വതന്ത്രവും നീതിയുക്തവുമായ ബ്രിട്ടീഷ് വ്യവസ്ഥിതിയില്‍ നിന്ന് ചൈനീസ് വ്യവസ്ഥിതിയിലേക്ക് മാറുന്നതില്‍ ഹോങ്കോങ്ങിലെ ജനങ്ങള്‍ ആശങ്കാകുലരാണ്.

Exit mobile version