ലെസ്ബിയന്‍, ഗേ ദമ്പതികള്‍, സ്ത്രീ-പുരുഷ ദമ്പതികള്‍; മൂവരുടെയും വിവാഹം ഒരേ വേദിയില്‍! പുതു ചരിത്രം കുറിച്ച് തായ്‌വാൻ, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

വേദിയില്‍ നിരന്നു നിന്ന് പരസ്പരം ആലിംഗനം ചെയ്ത് അവര്‍ ചുംബിച്ചപ്പോള്‍ നിറഞ്ഞ കൈയ്യടികളോടെയാണ് അതിഥികള്‍ സ്വീകരിച്ചത്.

ടായ്‌പേയ്: തായ്‌വാനില്‍ ഒരേ വേദിയില്‍ നടന്ന മൂന്ന് കല്യാണങ്ങള്‍ ആണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മൂന്ന് വിവാഹങ്ങള്‍ക്ക് എന്താണ് ഇത്ര പ്രത്യേകത എന്ന് ചോദ്യമുണ്ട്, എന്നാല്‍ ആ ചോദ്യത്തിന് ഉത്തരവും ഉണ്ട്. ഈ മൂന്നു ജോഡികളും വ്യത്യസ്തമാണ്. ഒന്ന് സ്ത്രീ-പുരുഷ ദമ്പതികളും ഒന്ന് ലെസ്ബിയനും മറ്റൊന്ന് ഗേ ദമ്പതികളുമാണ്. തായ്‌വാനില്‍ സ്വവര്‍ഗ വിവാഹ നിയമം പ്രാബല്യത്തില്‍ വന്നതിനു പിന്നാലെയാണ് ചരിത്രം കുറിച്ച് വിവാഹം നടന്നത്.

വേദിയില്‍ നിരന്നു നിന്ന് പരസ്പരം ആലിംഗനം ചെയ്ത് അവര്‍ ചുംബിച്ചപ്പോള്‍ നിറഞ്ഞ കൈയ്യടികളോടെയാണ് അതിഥികള്‍ സ്വീകരിച്ചത്. സാധാരണ ദമ്പതികളെ പോലെ തന്നെയാണ് ഞങ്ങളുമെന്ന് പറയാനാണ് ആഗ്രഹിക്കുന്നതെന്ന് ഈ ദമ്പതികള്‍ പറയുന്നു. വിവാഹം കുടുംബം എന്നെല്ലാം പറയുന്നത് ലിംഗഭേദത്തെ ആശ്രയിച്ചല്ല ഇരിക്കുന്നത്. അവിടെ ഏറ്റവും പ്രധാനം പരസ്പരം എത്രത്തോളം അടുത്തറിയാന്‍ മനസ്സിലാക്കാന്‍ സ്നേഹിക്കാന്‍ സാധിക്കുന്നുണ്ട് എന്നതിലാണെന്നും ഈ ദമ്പതികള്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ കുടുംബവും സാഹചര്യവും എന്തുതന്നെയാണെങ്കിലും നിങ്ങള്‍ തയ്യാറാണെങ്കില്‍ നിങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ സാധിക്കുമെന്ന് ഗേ ദമ്പതികള്‍ പറയുന്നു. തങ്ങളുടെ വിവാഹം തായ്‌വാനിലുള്ള മറ്റു സ്വവര്‍ഗാനുരാഗികള്‍ക്ക് ഒരു പ്രചോദനമാകുമെന്നാണ് പ്രതീക്ഷയെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. സുഹൃത്തുക്കളും എച്ച്‌ഐവി ബോധവല്‍ക്കരണങ്ങള്‍ നടത്തുന്ന ക്ഷേമപ്രവര്‍ത്തകരും ചേര്‍ന്നാണ് ഈ വിവാഹങ്ങള്‍ നടത്തിയത്.

ഏതൊരു മനുഷ്യനും പ്രണയിക്കാനും ഒന്നിച്ചുജീവിക്കാനും അവകാശമുണ്ടെന്ന് ഇവര്‍ പറയുന്നു. എല്ലാ തായ്‌വാന്‍ പൗരന്മാര്‍ക്കും തുല്യപരിഗണനയും ബഹുമാനവും അര്‍ഹിക്കുന്നവരാണെന്ന് ഈ നിയമം ഉറപ്പുവരുത്തുന്നുവെന്ന് മൂന്നുദമ്പതികളും ഒരേ സ്വരത്തില്‍ പറയുന്നു. അതേസമയം ഈ വിവാഹത്തിന് ആശംസകള്‍ക്ക് പുറമെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ ആ വിമര്‍ശനങ്ങളെ ഇടിച്ചു താഴ്ത്തി ഉറച്ച പിന്തുണ നല്‍കി സമൂഹമാധ്യമങ്ങളും രംഗത്തുണ്ട്. മൂവര്‍ക്കും ആശംസകളും നേരുന്നുണ്ട്.

Exit mobile version