മത്സര പരിശീലനത്തിനിടയില്‍ 250 കിലോ ഭാരം പൊക്കാന്‍ ശ്രമിച്ചു; മത്സരാര്‍ത്ഥിയുടെ കാല്‍ വളഞ്ഞ് രണ്ടായി ഒടിഞ്ഞു! അമ്പരപ്പിച്ച് വീഡിയോ

ജിമ്മില്‍ വ്യക്തിഗത പരിശീലകനായിട്ടാണ് യരോസ്ലാവ് പ്രവര്‍ത്തിക്കുന്നത്.

മോസ്‌കോ: ഭാരോദ്വഹന മത്സര പരിശീലനത്തിനിടയില്‍ 250 കിലോ ഭാരം പൊക്കാന്‍ ശ്രമിക്കുന്നതിനിടെ മത്സരാര്‍ത്ഥിയുടെ കാല്‍ രണ്ടായി വളഞ്ഞ് ഒടിഞ്ഞു. റഷ്യയിലാണ് അതിദാരുണമായ സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുകയാണ്. യരോസ്ലാവ് റഡ്‌ഷെവിക്ക് എന്ന യുറേഷ്യന്‍ ഭാരോദ്വാഹകനാണ് മത്സരത്തിനിടെ പരിക്കേറ്റത്.

ജിമ്മില്‍ വ്യക്തിഗത പരിശീലകനായിട്ടാണ് യരോസ്ലാവ് പ്രവര്‍ത്തിക്കുന്നത്. ഒട്ടനവധി മത്സരങ്ങളിലും ഇതിനു മുന്‍പ് പങ്കെടുത്തിട്ടുണ്ട്. ജോലി ചെയ്യുന്ന ജിമ്മില്‍ തന്നെയായിരുന്നു മത്സര പരിശീലനവും നടത്തിയത്. ഭാരം എടുത്ത് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിടയില്‍ വെച്ച് കാലുകള്‍ വളഞ്ഞ് പോയ യരോസ്ലാവ് വേദനകൊണ്ട് പുളഞ്ഞ് നിലത്തിരുന്നു. സുഹൃത്തുക്കള്‍ ഒപ്പമുണ്ടായിരുന്നതുകൊണ്ട് 250 കിലോ ഭാരം എടുത്തുമാറ്റി യരോസ്ലാവിനെ സ്വതന്ത്രനാക്കുകയായിരുന്നു. പക്ഷേ അപ്പോഴേയ്ക്കും രണ്ടു കാലുകളും വളഞ്ഞ് ഒടിഞ്ഞിരുന്നു. ഒന്ന് അനങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് ഇയാളിപ്പോള്‍.

ഇദ്ദേഹത്തിന് നീണ്ടകാലത്തെ ചികില്‍സ ആവശ്യമുണ്ടെന്നാണ് വിവരം. ഉടനെയൊന്നും പരിശീലകനായി ജോലിയില്‍ പ്രവേശിക്കാനാകില്ല. ഭീമമായ മെഡിക്കല്‍ ബില്ലും ആശുപത്രി ചെലവുകളും തനിക്ക് താങ്ങാവുന്നതിനും അപ്പുറമാണെന്ന് യരോസ്ലാവ് പ്രതികരിച്ചു. ഏതാനും ആഴ്ചകളായി കാലിന് കടുത്തവേദനയുണ്ടായിരുന്നെങ്കിലും അതൊന്നും കാര്യമാക്കാതെ വേദനസംഹാരി കഴിച്ച് പരിശീലനം തുടരുകയായിരുന്നു.

Exit mobile version