89 യാത്രക്കാരുമായി പറന്ന വിമാനത്തിന്റെ മുന്‍ചക്രം ‘പണിമുടക്കി’; അതിസാഹസിക ലാന്റിങ് നടത്തി പൈലറ്റ്, കൈയ്യടി

വിമാനത്തിന്റെ ഭാരം കുറയ്ക്കുന്നതിനായി ആദ്യം ഇന്ധനം കത്തിച്ചുകളഞ്ഞു.

നേയ്പിഡോ: 89 യാത്രക്കാരുമായി പറന്ന വിമാനത്തിന്റെ മുന്‍ചക്രം പ്രവര്‍ത്തന രഹിതമായതോടെ അതിസാഹസിക ലാന്റിങ് നടത്തി പൈലറ്റ്. മ്യാന്‍മറിലെ മണ്ടാലെ വിമാനത്താവളത്തിലാണ് അമ്പരപ്പിക്കുന്ന സംഭവം. ക്യാപ്റ്റന്‍ മിയാത് മോയ് ഓങ് ആണ് സമയോചിത ഇടപെടലിലൂടെ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചത്.

മ്യാന്‍മാര്‍ നാഷണല്‍ എയര്‍ലൈന്‍സിന്റെ എംപറര്‍ 190 വിമാനത്തിന്റെ മുന്‍ചക്രമാണ് പണിമുടക്കിയത്. ഞായറാഴ്ച റണ്‍വേയില്‍ ഇറങ്ങാന്‍നേരം മുന്‍ചക്രങ്ങള്‍ വിന്യസിക്കാന്‍ സാധിക്കാതെ വരികയായിരുന്നു. തുടര്‍ന്ന് രണ്ടുതവണ വിമാനത്താവളം വലംവെച്ച് ചക്രം വീഴ്ത്താനാവുമോയെന്ന് ശ്രമിച്ചശേഷം ക്യാപ്റ്റന്‍ മിയാത് മോയ് ഓങ് അടിയന്തരനടപടിയിലേക്ക് കടക്കുകയായിരുന്നു.

വിമാനത്തിന്റെ ഭാരം കുറയ്ക്കുന്നതിനായി ആദ്യം ഇന്ധനം കത്തിച്ചുകളഞ്ഞു. ശേഷം വിമാനത്തിന്റെ മൂക്ക് നിലത്തുമുട്ടുന്നതിനു മുമ്പ് പുറകിലെ ചക്രങ്ങളില്‍ നിലത്തിറക്കി. 25 സെക്കന്‍ഡ് വിമാനം തെന്നിയെങ്കിലും ഉടനെ പ്രവര്‍ത്തനം നില്‍ക്കുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു. ഈയാഴ്ച മ്യാന്‍മാറിലുണ്ടായ രണ്ടാമത്തെ വിമാനാപകടമാണിത്. യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ അതിസാഹസിക ലാന്റിങ് നടത്തിയ പൈലറ്റിന് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്.

Exit mobile version