ശ്രീലങ്കന്‍ ചാവേറാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ കേരളത്തില്‍ എത്തിയിട്ടില്ലെന്ന നിഗമനവുമായി എന്‍ഐഎ

ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കേരളത്തിലും എത്തിയിട്ടുണ്ടെന്ന് സൂചന.

കൊച്ചി: ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കേരളത്തില്‍ എത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. നൂറുകണക്കിന് പേരുടെ മരണത്തിനിടയാക്കിയ ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന സഹ്രാന്‍ ഹാഷ്മിയുടെ വീഡിയോകളും പ്രസംഗങ്ങളും ഇന്റര്‍നെറ്റില്‍ നിന്നും പതിവായി ഡൗണ്‍ലോഡ് ചെയ്തവരെ കേന്ദ്രീകരിച്ച് എന്‍ഐഎ നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ പിടിയിലായത്.

സഹ്രാന്‍ ഹാഷിമിന്റെ പ്രസംഗങ്ങള്‍ മലയാളത്തിലേക്കും തമിഴിലേക്കും ഐഎസ് അനുകൂലികള്‍ മൊഴിമാറ്റി പ്രചരിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ സഹ്രാന്‍ ഹാഷിമുമായി ബന്ധമുള്ളവര്‍ കേരളത്തിലും തമിഴ്‌നാട്ടിലും ഉണ്ടാകാമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇതുവരെ പിടിയിലായവരിലാരും സഹ്രാനെ നേരിട്ട് കണ്ടതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടില്ല.

അതിനിടെ കഴിഞ്ഞ ദിവസം കൊച്ചിയില്‍ അറസ്റ്റിലായി കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന റിയാസിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ എന്‍ഐഎ വരും ദിവസം കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.

സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന റിയാസ് കേരളത്തില്‍ നിന്നും ഐഎസില്‍ ചേരുന്നതിനായി സിറിയയിലേക്ക് കടന്നവരുമായി നിരന്തരം ബന്ധപ്പെട്ടതിന് തെളിവ് ലഭിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ ആസൂത്രകരുമായി ഇയാള്‍ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടോയെന്നാണ് ഇനി വ്യക്തമാകേണ്ടത്.

Exit mobile version