കന്യാമറിയത്തിന്റെ രൂപത്തില്‍ നിന്ന് രക്തക്കണ്ണീര്‍; ഭീകരാക്രമണത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് മുതലെടുപ്പ് നടത്തി സണ്‍ഡേ ഷാലോം, പ്രതിഷേധം ശക്തം

കഴിഞ്ഞ ദിവസമാണ് സണ്‍ഡേ ഷാലോം എന്ന ഫേസ്ബുക്ക് പേജില്‍ കുറിപ്പും വീഡിയോ ദൃശ്യങ്ങളും പ്രത്യക്ഷപ്പെട്ടത്.

കൊളംബോ: ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണത്തിന്റെ നടുക്കത്തില്‍ നിന്നും എണീറ്റ് വരുന്നതിനു മുമ്പേ സമൂഹമാധ്യമങ്ങളിലും മറ്റും മുതലെടുപ്പ് ശക്തമാവുകയാണ്. ലോകരാജ്യങ്ങള്‍ ഒന്നടങ്കം കണ്ണീര്‍ ഒഴുക്കുമ്പോള്‍ ആണ് മറ്റ് ചിലയിടങ്ങില്‍ മുതലെടുപ്പ് നടത്തുന്നത്. ഭീകരാക്രമണത്തിന് രണ്ട് ദിവസം മുമ്പ് സെന്റ് ഫിലിപ്പ് നേരി ദൈവാലയത്തിലെ പരിശുദ്ധ കന്യാമറിയത്തിന്റെ രൂപത്തില്‍നിന്ന് രക്തകണ്ണീരൊഴുകിയെന്ന് പറഞ്ഞ് വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചാണ് മുതലെടുപ്പ് നടക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സണ്‍ഡേ ഷാലോം എന്ന ഫേസ്ബുക്ക് പേജില്‍ കുറിപ്പും വീഡിയോ ദൃശ്യങ്ങളും പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ രൂക്ഷമായി സോഷ്യല്‍മീഡിയയും രംഗത്തെത്തിയിട്ടുണ്ട്. ഏറെ വ്യത്യസ്തം എന്നു പറയുന്നത് സ്വന്തം മതവിശ്വാസികള്‍ തന്നെയാണ് രൂക്ഷ വിമര്‍ശനം നടത്തുന്നത്. ചിലര്‍ വിശ്വാസത്തെ മുതലെടുപ്പ് നടത്തരുതെന്ന നിര്‍ദേശവും നല്‍കുന്നുണ്ട്. മക്കള്‍ അപകട ഭീഷണി നേരിടുമ്പോള്‍ പരിശുദ്ധ അമ്മ കരയുമെന്ന് പറഞ്ഞ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ വാക്കുകള്‍ സ്മരിക്കുമ്പോള്‍, അമ്മ കരഞ്ഞത് എന്തിനായിരുന്നുവെന്ന് ശ്രീലങ്കയിലെ വിശ്വാസീസമൂഹം മനസിലാക്കുന്നുവെന്നും ഷാലോം പങ്കുവെച്ച കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്.

കണ്ണീര്‍ മുഖങ്ങള്‍ മാത്രം ബാക്കിയായ ശ്രീലങ്കയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഉണ്ടെങ്കില്‍ അത് ചെയ്യൂ, ഇത്തരം വീഡിയോ ഇട്ട് സമയം കളയാതെ, എന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. സംഭവം വാട്‌സ്ആപ്പിലും മറ്റും തകൃതിയായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ഈസ്റ്റര്‍ ദിനത്തിലെ ഈ കൂട്ടക്കുരുതിയെ എങ്ങനെ മുതലെടുക്കാന്‍ സാധിക്കുന്നു..? തുടങ്ങിയ വിമര്‍ശനങ്ങള്‍ വേറെയുമുണ്ട്. അമ്മക്ക് കരയാതെ വാ തുറന്നു പറഞ്ഞൂടായിരുന്നോ?? നാല്‍പത് കുഞ്ഞുങ്ങളുടെ ജീവന്‍ എങ്കിലും രക്ഷിക്കാമായിരുന്നില്ലേ? തുടങ്ങിയ പരിഹാസങ്ങളും ഉയരുന്നുണ്ട്.

ഷാലോം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ശ്രീലങ്കയില്‍ ഭീകരാക്രമണം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ്, കൃത്യമായി പറഞ്ഞാല്‍മാര്‍ച്ച് 19ന് ദുഃഖ വെള്ളിയാഴ്ച കാറ്റുകുറുണ്ട (കാലുതറ) സെന്റ് ഫിലിപ്പ് നേരി ദൈവാലയത്തിലെ പരിശുദ്ധ കന്യാമറിയത്തിന്റെ രൂപത്തില്‍നിന്ന് രക്തകണ്ണീരൊഴുക്കി. മക്കള്‍ അപകട ഭീഷണി നേരിടുമ്പോള്‍ പരിശുദ്ധ അമ്മ കരയുമെന്ന് പറഞ്ഞ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ വാക്കുകള്‍ സ്മരിക്കുമ്പോള്‍, അമ്മ കരഞ്ഞത് എന്തിനായിരുന്നുവെന്ന് ശ്രീലങ്കയിലെ വിശ്വാസീസമൂഹം മനസിലാക്കുന്നു. ശ്രീലങ്കയുടെ മുറിവുണങ്ങാന്‍, ലോകമെമ്പാടും സമാധാനം സംജാതമാക്കാന്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം യാചിച്ചുകൊണ്ട് ആ ദൃശ്യങ്ങള്‍ കാണാം. പരിശുദ്ധ അമ്മ ആദ്യം കണ്ണീര്‍ വാര്‍ത്ത സൈറാക്കസിലെ അത്ഭുതത്തെ കുറിച്ച് അറിയാന്‍ സന്ദര്‍ശിക്കുക:

Exit mobile version