ശ്രീലങ്കയിലുണ്ടായ ചാവേര്‍ സ്‌ഫോടനപരമ്പര ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിനുള്ള തിരിച്ചടി: ശ്രീലങ്കന്‍ പ്രതിരോധ സഹമന്ത്രി

കൊളംബോ: ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിനുള്ള തിരിച്ചടിയാണ് ശ്രീലങ്കയിലുണ്ടായ ചാവേര്‍ സ്‌ഫോടനപരമ്പരയെന്ന് ശ്രീലങ്കന്‍ പ്രതിരോധ സഹമന്ത്രി റുവാന്‍ വിജവര്‍ധനെ പറഞ്ഞു. ഈസ്റ്റര്‍ ദിനത്തിലാണ് ശ്രീലങ്കയിലെ പള്ളികളില്‍ ചാവേര്‍ സ്‌ഫോടനപരമ്പര ഉണ്ടായത്. ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ മാര്‍ച്ച് 15ന് 2 മസ്ജിദുകളില്‍ ഭീകരന്‍ വെടിവയ്പ് നടത്തിയിരുന്നു. സംഭവത്തില്‍ 50 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനപരമ്പര ഇതിനുള്ള തിരിച്ചടിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിക്കുന്ന വിവരമെന്ന് റുവാന്‍ വിജവര്‍ധനെ വ്യക്തമാക്കി. സ്‌ഫോടനപരമ്പര നടത്തിയത് നാഷനല്‍ തൗഹീദ് ജമാഅത്ത് (എന്‍ടിജെ) എന്ന സംഘടനയില്‍പ്പെട്ട 7 ലങ്കന്‍ ചാവേറുകളാണ് എന്ന് ശ്രീലങ്ക ആരോഗ്യമന്ത്രിയും സര്‍ക്കാര്‍ വക്താവുമായ രജിത സേനാരത്‌ന പറഞ്ഞിരുന്നു.

ജമാഅത്തുള്‍ മിലാത്ത് ഇബ്രാഹിം (ജെഎംഐ) എന്ന സംഘടനയുടെ പങ്കും സംഭവത്തില്‍ സംശയിക്കുന്നതായി റുവാന്‍ വിജവര്‍ധനെ കൂട്ടിച്ചേര്‍ത്തു. ഇവര്‍ താരതമ്യേന ചെറിയ സംഘടനകളാണ്. അതുകൊണ്ട് ഇവര്‍ക്ക് രാജ്യാന്തര സംഘടനകളുടെ പിന്തുണ ലഭിച്ചിരുന്നോ എന്ന് അന്വേഷിക്കുന്നുണ്ട്. ഈ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. 40 പേരാണ് ഇതുവരെ അറസ്റ്റിലായത്.

സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 310 കവിഞ്ഞതായി പോലീസ് പറഞ്ഞു. അഞ്ഞൂറിലേറെപ്പേര്‍ പരുക്കിനെത്തുടര്‍ന്ന് ചികിത്സയിലാണ്. ഇന്നു രാവിലെ ശ്രീലങ്കയില്‍ ദേശീയ ദുഃഖാചരണത്തോട് അനുബന്ധിച്ച് മൂന്നു മിനിറ്റ് മൗനം ആചരിച്ചു. മൗനാചരണം ആരംഭിച്ചത് ഞായറാഴ്ച ആദ്യ ബോംബ് പൊട്ടിയ സമയത്താണ്.

Exit mobile version