സ്‌ഫോടനത്തിന് പിന്നാലെ കൊളംബോ വിമാനത്താവളത്തിന് സമീപം പൈപ്പ് ബോംബ്

കൊളംബോ വിമാനത്താവളത്തിന്റെ പ്രധാന ടെര്‍മിനലിലേക്കുള്ള വഴിയിലാണ് പൈപ്പ് ബോംബ് കണ്ടെത്തിയത്

കൊളംബോ: ശ്രീലങ്കയെ പിടിച്ചു കുലുക്കിയ സ്‌ഫോടന പരമ്പരയ്ക്ക് പിന്നാലെ വിമാനത്താവളത്തിന് സമീപം പൈപ്പ് ബോംബ് കണ്ടെത്തി. കൊളംബോ വിമാനത്താവളത്തിന്റെ പ്രധാന ടെര്‍മിനലിലേക്കുള്ള വഴിയിലാണ് പൈപ്പ് ബോംബ് കണ്ടെത്തിയത്. അതേസമയം ശ്രീലങ്കന്‍ വ്യോമസേന ബോംബ് നിര്‍വീര്യമാക്കിയെന്നുമാണ് പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഈസ്റ്റര്‍ ദിനമായ ഇന്നലെ ശ്രീലങ്കയില്‍ എട്ട് ഇടങ്ങളിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ 207 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പതിമൂന്ന് പേരെ അറസ്റ്റ് ചെയ്തു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ നാല് ഇന്ത്യക്കാരുമുണ്ട്. ഇതില്‍ ഒരാള്‍ മലയാളി കൂടിയാണ്. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശിനി റസീനയാണ് കൊല്ലപ്പെട്ട മലയാളി.

ഇന്നലെ പ്രാദേശിക സമയം രാവിലെ 8.45നാണ് സ്ഫോടനം ഉണ്ടായത്. പ്രശസ്തമായ നെഗോമ്പോ സെന്‍ സെബാസ്റ്റിയന്‍ പള്ളി, കൊളംബോ സെന്റ് ആന്റണീസ് പള്ളി, മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ എന്നിവിടങ്ങളിലായി എട്ട് സ്ഫോടനങ്ങളുണ്ടായത്. സ്ഫോടനത്തെ തുടര്‍ന്ന് രാജ്യത്ത് നിരോധനാജ്ഞയും സാമൂഹ്യമാധ്യമങ്ങള്‍ക്ക് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

Exit mobile version