പാരീസിലെ നോത്രദാം പള്ളിയില്‍ വന്‍ തീപ്പിടുത്തം; ഗോപുരവും മേല്‍ക്കൂരയും കത്തി നശിച്ചു, തീ നിയന്ത്രണവിധേയം, വിശുദ്ധ തിരുശേഷിപ്പുകള്‍ സുരക്ഷിതം

ക്രിസ്ത്യന്‍ മതവുമായി ബന്ധപ്പെട്ട അമൂല്യമായ പല വസ്തുക്കളും ഈ കത്തീഡ്രലില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു.

പാരീസ്: 12-ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച പാരീസിലെ പ്രശസ്തമായ നോത്ര ദാം കത്തീഡ്രലില്‍ വന്‍ തീപ്പിടിത്തം. അഗ്നിയില്‍ പള്ളിയുടെ പ്രധാന ഗോപുരവും മേല്‍ക്കൂരയും പൂര്‍ണ്ണമായും കത്തി നശിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീയണച്ചതായാണ് വിവരം. പള്ളിയുടെ പ്രധാന കെട്ടിടവും പ്രശസ്തമായ രണ്ട് മണി ഗോപുരങ്ങളും സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു. കത്തീഡ്രലില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത്.

കത്തീഡ്രലില്‍ സൂക്ഷിച്ചിരുന്ന അമൂല്യ വസ്തുക്കളും സുരക്ഷിതമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ക്രിസ്ത്യന്‍ മതവുമായി ബന്ധപ്പെട്ട അമൂല്യമായ പല വസ്തുക്കളും ഈ കത്തീഡ്രലില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. യേശുവിനെ തൂക്കിലേറ്റിയ കുരിശിന്റെ ഭാഗം, കുരിശില്‍ തറയ്ക്കാനുപയോഗിച്ച ആണികളില്‍ ഒന്ന്, യേശുക്രിസ്തുവിനെ കുരിശില്‍ തറച്ചപ്പോള്‍ തലയില്‍ ധരിപ്പിച്ച മുള്‍ക്കിരീടത്തിന്റെ ഭാഗം, 1270ല്‍ കുരിശ് യുദ്ധത്തിനിടെ മരിച്ച ഫ്രാന്‍സ് രാജാവും പിന്നീട് വിശുദ്ധനുമായ ലൂയിസിന്റെ വസ്ത്രത്തിന്റെ ഭാഗം തുടങ്ങിയ വിശുദ്ധ വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിരുന്നു. ഇവ അടക്കമുള്ള എല്ലാ അമൂല്യ വസ്തുക്കളും സുരക്ഷിതമാണെന്ന് പാരീസ് മേയര്‍ അറിയിച്ചു.

വിശുദ്ധ തിരുശേഷിപ്പുകള്‍ക്ക് പുറമെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധി അമൂല്യ കലാവസ്തുക്കളും പെയിന്റിങ്ങുകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഇവ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നുള്ള കാര്യത്തില്‍ വ്യക്തതയില്ല. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ് നോത്രദാം കത്തീഡ്രല്‍. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഏതെങ്കിലും തരത്തിലുള്ള അട്ടിമറി ഉണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ്.

Exit mobile version