ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം ബഹിരാകാശ നിലയത്തിന് അപകടമുണ്ടാക്കില്ല; ഇന്ത്യയ്ക്ക് അനൂകൂലമായ നിലപാടുമായി അമേരിക്ക

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'മിഷന്‍ ശക്തി' വിജയിച്ചുവെന്ന് മാര്‍ച്ച് 27-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചത്

വാഷിംങ്ടണ്‍: ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തിന് അനൂകൂലമായ നിലപാടുമായി അമേരിക്ക രംഗത്ത്. ബഹിരാകാശത്ത് പരീക്ഷണത്തിന്റെ ഭാഗമായി തകര്‍ത്ത കൃത്രിമോപഗ്രഹത്തിന്റെ മാലിന്യങ്ങള്‍ വൈകാതെ തന്നെ കത്തി തീരുമെന്നാണ് അമേരിക്കന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് പറഞ്ഞത്.

ഇന്ത്യ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം നടത്തിയപ്പോള്‍ ഈ പരീക്ഷണം ഭയാനകമായ നടപടിയാണെന്നും ഇതുമൂലം ഉണ്ടായ അവശിഷ്ടങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും നാസ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്ന് ബഹിരാകാശത്തുണ്ടായ വസ്തുക്കള്‍ ബഹിരാകാശ യാത്രികര്‍ക്കും ബഹിരാകാശ നിലയത്തിനും സുരക്ഷാ പ്രശ്നം ഉണ്ടാക്കുമോ എന്നതിനെ കുറിച്ച് സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ഗാരറ്റ് മാര്‍ക്വിസ് പറഞ്ഞു. മാലിന്യങ്ങള്‍ മൂലം ബഹിരാകാശത്ത് ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന് എല്ലാ രാജ്യങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ബഹിരാകാശ പദ്ധതികളില്‍ ഇനിയും അമേരിക്ക ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും വക്താവ് വ്യക്തമാക്കി.

നേരത്തേ ഉപഗ്രഹവേധ മിസൈല്‍പരീക്ഷണം ബഹിരാകാശത്ത് സൃഷ്ടിച്ചത് നാനൂറിലേറെ അവശിഷ്ടങ്ങളാണെന്നും ഇവ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ശാസ്ത്രജ്ഞര്‍ക്ക് ഭീഷണിയുണ്ടാക്കുമെന്നും നാസാ മേധാവി ജിം ബ്രിഡെന്‍സ്റ്റിന്‍ പറഞ്ഞിരുന്നു.

അതേ സമയം നാസ അവശിഷ്ടങ്ങളെ കുറിച്ച് ആകുലപ്പെടേണ്ട കാര്യമില്ലെന്നാണ് ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡിവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) പറഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ പരീക്ഷണാവശിഷ്ടങ്ങള്‍ ബഹിരാകാശത്ത് നിന്ന് 45 ദിവസങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകുമെന്നും ഇന്ത്യ പരീക്ഷണം നടത്തിയത് സമുദ്രനിരപ്പില്‍ നിന്ന് 180 മൈല്‍ ഉയരത്തിലാണെന്നും അതിനാല്‍ ഉപഗ്രഹങ്ങളുടേയോ ബഹിരാകാശ വാഹനങ്ങളുടേയോ സഞ്ചാരപഥത്തിലെത്താനുള്ള സാധ്യത വളരെ കുറവാണെന്നും ഡിആര്‍ഡിഒ വക്താവ് പറഞ്ഞു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘മിഷന്‍ ശക്തി’ വിജയിച്ചുവെന്ന് മാര്‍ച്ച് 27-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചത്.

Exit mobile version