അമ്മക്കരടിയെയും കുഞ്ഞുകരടികളെയും കൊന്ന് രസിച്ച് അച്ഛനും മകനും; മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച് വിഡിയോ

യുഎസ് സംസ്ഥാനമായ അലാസ്‌കയിലെ പ്രിന്‍സ് വില്യം സൗണ്ടിലുള്ള എസ്‌തേര്‍ ദ്വീപിലാണ് അമ്മക്കരടിയെയും രണ്ടു കുഞ്ഞുകരടികളെയും കൊന്ന് രസിച്ച് അച്ഛന്റെയും മകന്റെയും ക്രൂര കൃത്യങ്ങള്‍ അരങ്ങേറിയത്

അലാസ്‌ക: കരടികളെ കൊന്ന് രസിച്ച അച്ഛന്റെയും മകന്റെയും വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം. യുഎസ് സംസ്ഥാനമായ അലാസ്‌കയിലെ പ്രിന്‍സ് വില്യം സൗണ്ടിലുള്ള എസ്‌തേര്‍ ദ്വീപിലാണ്
അമ്മക്കരടിയെയും രണ്ടു കുഞ്ഞുകരടികളെയും കൊന്ന് രസിച്ച് അച്ഛന്റെയും മകന്റെയും ക്രൂര കൃത്യങ്ങള്‍ അരങ്ങേറിയത്.

സംഭവം കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 14നാണ് നടന്നത്. എന്നാല്‍ വീഡിയോ യുഎസിലെ ഹ്യുമെയ്ന്‍ സൊസൈറ്റി എന്ന സംഘടനയാണു പുറത്തുവിട്ടത്. ഇതോടെയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം ലോകം അറിയുന്നത്. ആന്‍ഡ്രൂ റെന്നര്‍ (41), മകന്‍ ഒവന്‍ റെന്നര്‍ (18) എന്നിവരാണ് ഈ ക്രൂരകൃത്യം നടത്തിയത്.

അലാസ്‌ക ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഫിഷ് ആന്‍ഡ് ഗെയിം, യുഎസ് ഫോറസ്റ്റ് സര്‍വീസും സംയുക്തമായി നടത്തുന്ന പ്രൊജക്ടിന്റെ ഭാഗമായാണു ഈ കരടികളെ വളര്‍ത്തിയത്. മനുഷ്യസാന്നിധ്യം വര്‍ധിക്കുമ്പോള്‍ കരടികള്‍ എങ്ങനെ അതിനോട് ഇണങ്ങിച്ചേരുമെന്നു പഠിക്കാനാണ് പദ്ധതിയുടെ ഉദ്ദേശം.

അതിനായി കരടിയുടെ നീക്കങ്ങള്‍ അറിയാനായി ക്യാമറ സ്ഥാപിച്ചിരുന്നു. ഈ മേഖലയില്‍ കരടികളെ കൊല്ലുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഈ മേഖലയില്‍ എത്തിയ അച്ഛനും മകനുമാണ് ഈ ക്രൂര കൃത്യം നടത്തിയത്. ഗുഹയുടെ സമീപമെത്തി മകനാണ് ആദ്യം അമ്മക്കരടിയെ വെടിവച്ചത്. പിന്നീടാണു കുഞ്ഞുങ്ങളെ കണ്ടെത്തിയത്.

വെടിവെച്ച ശേഷം അമ്മ കരടിയെ ഗുഹയുടെ പുറത്തെത്തിച്ചു തുടര്‍ന്ന് കുഞ്ഞുകരടികളെ കൊന്നു. എന്നാല്‍ പുറത്തെത്തിച്ച അമ്മ കരടിയുടെ കഴുത്തില്‍ സര്‍ക്കാര്‍ ടാഗ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ഇരുവരം സ്ഥലം വിട്ടു. പിന്നീട് രണ്ടു ദിവസത്തിനുശേഷം തിരിച്ചെത്തിയ ഇരുവരും കരടിയുടെ കഴുത്തിലെ ടാഗ് അഴിച്ചെടുത്ത് കുഞ്ഞുങ്ങളുടെ ജഡം ചെറിയ ബാഗുകളിലാക്കി കരടിയുടെ ജഡം മറവ് ചെയ്ത ശേഷം ഇരുവരും സ്ഥലം വിട്ടു.

എന്നാല്‍ വീഡിയോ പുറത്ത് വിട്ടതോടെ ഇക്കഴിഞ്ഞ ജനുവരിയില്‍ അച്ഛനെയും മകനെയും ശിക്ഷിച്ചു. മകന്‍ ഒവന്‍ റെന്നര്‍ക്ക് 30 ദിവസത്തെ ശിക്ഷയാണ് വിധിച്ചത്. അച്ഛന് ആന്‍ഡ്രൂ റെന്നര്‍ക്ക് മൂന്നുമാസത്തെ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. നിബന്ധനകള്‍ ലംഘിച്ചാല്‍ അധികമായി 2 മാസം കൂടി ശിക്ഷ അനുഭവിക്കണം.

Exit mobile version