ബ്ലുവെയിലിന് പിന്നാലെ പിടിമുറുക്കി മോമോ! ആ വാക്കുകള്‍ കേട്ട് നീളന്‍ മുടി മുറിച്ച് വികൃതയായി അഞ്ചുവയസുകാരി! ലോകം പുതിയൊരു ഭീതിയില്‍

ഒരു കണ്ണ് തുറന്ന് വേണം ഉറങ്ങാന്‍ എന്ന നിര്‍ദ്ദേശവും മോമോ ജെമ്മയ്ക്ക് നല്‍കിയിരുന്നതായും അവര്‍ വെളിപ്പെടുത്തി.

വാഷിംഗ്ടണ്‍: ബ്ലുവെയിലിന് പിന്നാലെ ലോകത്ത് പിടിമുറുക്കി മോമോ ചാലഞ്ച്. തുറിച്ച കണ്ണുകളും ചിതറിയ മുടിയുമായി പ്രേതത്തിന്റെ രൂപമാണ് മോമോയ്ക്ക്. വാര്‍ത്തകളില്‍ നിറഞ്ഞിരുന്നുവെങ്കിലും അവയെല്ലാം തള്ളികളയുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മറ്റൊരു ഞെട്ടിപ്പിക്കുന്ന കഥയാണ് പുറംരാജ്യങ്ങളില്‍ നിന്നും എത്തുന്നത്.

മോമോ കളിച്ച് അതില്‍ പറഞ്ഞതനുസരിച്ച് തന്റെ നീണ്ട മുടി മുറിച്ച അഞ്ച് വയസ്സുകാരിയുടെ കഥയാണ് ലോകത്തെ ഞെട്ടിച്ച് പ്രചരിക്കുന്നത്. കുട്ടികളുടെ വിഡിയോ പരിപാടികള്‍ മൊമോ ഹാക്ക് ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ നേരത്തെ നിലനിന്നിരുന്നു. എന്നാല്‍ അവയൊന്നും വിശ്വസിച്ചിരുന്നില്ല. അഞ്ചുവയസ്സുകാരി ജെമ്മ, പെപ്പ പിഗ് എന്ന അനിമേറ്റഡ് പരിപാടി കാണുന്നതിനിടെയാണ് മോമൊയുടെ പിടിലില്‍ അകപ്പെട്ടതെന്നാണ് നിഗമനം. ജെമ്മയുടെ അമ്മ സാം തന്നെയാണ് ഇത് ലോകത്തോട് വിളിച്ച് പറഞ്ഞത്.

ഒരു കണ്ണ് തുറന്ന് വേണം ഉറങ്ങാന്‍ എന്ന നിര്‍ദ്ദേശവും മോമോ ജെമ്മയ്ക്ക് നല്‍കിയിരുന്നതായും അവര്‍ വെളിപ്പെടുത്തി. ജെമ്മയുടെ നീളമുള്ള മുടി മുറിച്ച് മോമെയെപ്പോലെ വികൃതമാകാന്‍ അവളോട് ആവശ്യപ്പെട്ടു. ഇരുവശത്തേയും മുടിമുറിച്ച് കത്രികയുമായി നില്‍ക്കുന്ന മകളെയാണ് സാം പിന്നീട് കണ്ടത്. വിശദമായി ചോദിച്ചപ്പോഴാണ് ഇതിനു പിന്നില്‍ മോമോ ഉണ്ടെന്ന് വെളിപ്പെട്ടത്. പെപ്പ പിഗ് മാത്രമാണ് ജെമ്മ കാണുന്ന പരിപാടി, പക്ഷേ മോമോയുടെ ഇടപെടല്‍ കുട്ടിയില്‍ കടുത്ത മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതായി സാം പറയുന്നു.

മോമോ കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് മുടിമുറിപ്പിച്ചത്. പൊതുവെ ശാന്തസ്വഭാവക്കാരിയായ ജെമ്മ മോമൊയുടെ പിടിയിലകപ്പെട്ടത് അമ്മയ്ക്ക് കടുത്ത ആഘാതമായി. കുട്ടികളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തികള്‍ മാതാപിതാക്കളുടെ കടുത്ത നിരീക്ഷണത്തില്‍ വേണമെന്ന് സാം മുന്നറിയിപ്പു നല്‍കുന്നു. ഒരു അഞ്ചുവയസ്സുകാരിയെപ്പോലും വരുതിയില്‍ കൊണ്ടുവരാന്‍ മോമോയ്ക്ക് സാധിച്ചുവെന്നത് വലിയ ആശങ്കയ്ക്ക് വഴിവെയ്ക്കുന്നതാണെന്ന് ലോകം പറയുന്നു.

നിങ്ങളെക്കുറിച്ചുള്ളതെല്ലാം ഞാന്‍ പറഞ്ഞുതരാം എന്നു പറഞ്ഞു കൊണ്ടാണ് കളിയാരംഭിക്കുന്നത്. കഥാപാത്രത്തിന്റെ സംസാരരീതിയും ആദ്യകാഴ്ചയിലെ രൂപവും കുട്ടികളില്‍ നിഷേധാത്മക ചിന്തകള്‍ ഉണര്‍ത്തുന്നതിനൊപ്പം രാത്രിയില്‍ പേടിസ്വപ്നങ്ങള്‍ കാണുന്നതിലേക്ക് വഴിവെക്കുമെന്നും തുടര്‍ന്നവര്‍ ദേഹത്തു മുറിവുകള്‍ ഉണ്ടാക്കി സ്വയം വേദനിക്കുമെന്നും മരണത്തിലേക്ക് നീങ്ങുമെന്നുമാണ് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നത്.

Exit mobile version